വായ്പകള്‍ക്കു മൊറട്ടോറിയം പ്രഖ്യാപിക്കണം: എബ്രഹാം ജോര്‍ജ്

കൊച്ചി: അപ്രതീക്ഷിതമായ പ്രളയദുരന്തത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വ്യവസായികളെ രക്ഷിക്കാന്‍ അവരെടുത്ത ലോണുകള്‍ക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് കേന്ദ്ര ടൂറിസം ഉപദേശക സമിതി വിദഗ്ധാംഗം എബ്രഹാം ജോര്‍ജ്.
രണ്ടു വര്‍ഷത്തേക്ക് കേരളത്തെ എല്‍ടിസി ഡെസ്റ്റിനേഷനായി പ്രഖ്യാപിക്കണമെന്നും ടൂറിസം പാര്‍ലമെന്ററി സമിതിക്കു നല്‍കിയ നിര്‍ദേശങ്ങളില്‍ ആവശ്യപ്പെട്ടു. പലിശയിളവ് ഉള്‍പ്പെടെയുള്ള നടപടികളും ആലോചിക്കണം. തകര്‍ന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും അനുബന്ധ ടൂറിസം പദ്ധതികളും യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുന്നതിനായി മുന്‍ഗണന നല്‍കി ലോണുകള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കശ്മീരില്‍ പ്രളയമുണ്ടായശേഷം ഇത്തരത്തില്‍ പ്രഖ്യാപനം ഉണ്ടാവുകയും കശ്മീര്‍ ടൂറിസത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് അത് ഏറെ ഫലപ്രദമാവുകയും ചെയ്‌തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 50 ലക്ഷത്തിലേറെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ കേരള ടൂറിസത്തിന് പ്രതിസന്ധിയില്‍ നിന്ന് വളരെ വേഗം കരകയറാന്‍ സഹായകമാവും. പുതിയ വിപണികള്‍ കണ്ടെത്തി അവിടങ്ങളില്‍ നിന്ന് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കണം.
ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ വരുന്ന ചൈനയില്‍ നിന്ന് ഇത്തരം ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ ആരംഭിക്കണമെന്നും ഇതിനായി ചൈനീസ് ഭാഷയില്‍ പ്രാവീണ്യമുള്ള ഗൈഡുകളുടെ സേവനമോ ഭാഷ തര്‍ജമ ചെയ്യാന്‍ കഴിയുന്ന മൊബൈല്‍ ഫോണുകളോ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലകളില്‍ തകര്‍ന്ന റോഡുകള്‍ എത്രയും വേഗം പുനര്‍നിര്‍മിക്കണം. കൊച്ചിയെ ഹോം പോര്‍ട്ട് ആയി പ്രഖ്യാപിച്ച് ക്രൂയിസ് ഹബ് ആയി വികസിപ്പിക്കണം. ഇന്ത്യയില്‍ ഒരിടത്തും ക്രൂയിസ് ടൂറിസം കാര്യമായി നടക്കുന്നില്ല. കൊച്ചിയില്‍ ഇതിനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഓണ്‍ലൈന്‍ വിസാ ചട്ടങ്ങള്‍ ലഘൂകരിക്കണം. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.

RELATED STORIES

Share it
Top