വായുവില്‍ നിന്നു പണം കൊയ്യുന്ന മാന്ത്രികന്‍

ഇന്ദ്രപ്രസ്ഥം നിരീക്ഷകന്‍
അമിട്ട്ഷാജി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരദ്ഭുതമാണ്. പുള്ളിക്കാരന്‍ തൊട്ടതെല്ലാം പൊന്നാവുമെന്നാണ് പശുഭക്തരായ അമിട്ട് ശിഷ്യന്‍മാര്‍ പറയുന്നത്. ആരും ആദ്യം അതു വിശ്വസിച്ചില്ല. പക്ഷേ, ഇപ്പോള്‍ അമിട്ട് വിരോധികള്‍ പോലും തലകുലുക്കി സമ്മതിക്കുന്ന ഒരു കാര്യമുണ്ട്: പുള്ളിക്കാരന്‍ തൊട്ടതെല്ലാം പൊന്നാവുമെന്ന സത്യം.
അല്ലെങ്കില്‍ നോക്കൂ: ആര്‍ക്കാണ് ഒരു കമ്പനി തുടങ്ങി ഒരു കൊല്ലം കഴിയും മുമ്പ് റോക്കറ്റ് വേഗത്തില്‍ ലാഭം കുമിഞ്ഞുകൂടുന്നത്? സാധാരണ ജനങ്ങള്‍ക്ക് എന്തെങ്കിലും ഒരു പരിപാടി തുടങ്ങി നഷ്ടമില്ലാതെ ഒപ്പിക്കാന്‍ തന്നെ ഒരുപാട് വര്‍ഷങ്ങള്‍ വേണ്ടിവരും. നാട്ടില്‍ സ്വയംതൊഴില്‍ പദ്ധതികളുമായി ഇറങ്ങിത്തിരിച്ച യുവാക്കളോടു ചെന്നു ചോദിച്ചാല്‍ അവര്‍ കാര്യം പറഞ്ഞുതരും. എത്ര കഷ്ടപ്പെട്ടാലും പത്തു രൂപ ലാഭമുണ്ടാക്കണമെങ്കില്‍ സമയം പിടിക്കും.
കസ്റ്റമര്‍മാര്‍ അങ്ങനെയാണ്. കമ്പോളം അങ്ങനെയാണ്. അവിടെ മല്‍സരമാണ് പ്രധാനം. മല്‍സരത്തില്‍ മുന്നിലെത്തണമെങ്കില്‍ എളുപ്പമല്ല. അതിനു ക്ഷമ വേണം, കഴിവു വേണം. കസ്റ്റമര്‍മാരുടെ വിശ്വാസം നേടാന്‍ കഠിനമായ പരിശ്രമം വേണം. അങ്ങനെ പാടുപെട്ടാല്‍ കൊല്ലങ്ങള്‍ കഴിയുമ്പോള്‍ കച്ചവടം പച്ചപിടിക്കും. ചിലപ്പോള്‍ അത്യാവശ്യം ലാഭം കൈവന്നെന്നുമിരിക്കും.
പക്ഷേ, അമിട്ട്ഷാജിയുടെ കാര്യത്തില്‍ എല്ലാം അദ്ഭുതമാണ്. കുടുംബവും അപ്രകാരം തന്നെ. മകന്‍ കുറച്ചു കാലം മുമ്പ് ഒരു കുഞ്ഞുകമ്പനി തുടങ്ങിയ കഥ മാധ്യമങ്ങളില്‍ വന്നിരുന്നു. ചെറിയ കാശിനു തുടങ്ങിയ കമ്പനിയാണ്. പക്ഷേ, ഒന്നാം വര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനിയുടെ ലാഭം 15,000 ഇരട്ടിയാണുണ്ടായത്! അഖിലലോകത്തും ഇങ്ങനെയൊരു മുടിഞ്ഞ ലാഭക്കണക്ക് കേട്ടുകേള്‍വിയില്ല.
ലാഭം സകലരുടെയും കണ്ണുതള്ളിച്ചതുകൊണ്ടോ മകന് അസൂയക്കാരുടെ കണ്ണുതട്ടുമെന്നു പേടിച്ചോ എന്തെന്നറിയില്ല, കച്ചവടം അപ്പഴേ നിര്‍ത്തി. നാലഞ്ചു കൊല്ലം കമ്പനി തുടര്‍ന്നിരുന്നുവെങ്കില്‍ ഗുജറാത്ത് മാത്രമല്ല, ഈ ഇന്ത്യാ മഹാരാജ്യം മൊത്തത്തില്‍ തന്നെ അമിട്ട്ഷാജി ജൂനിയറിന്റെ കടയിലൂടെ വിദേശികള്‍ക്കു വിറ്റുമാറുമായിരുന്നു എന്നാണ് ചിലര്‍ പറയുന്നത്. ഭാഗ്യം, കച്ചവടം പെട്ടെന്നു നിര്‍ത്തിയതുകൊണ്ട് നാട് രക്ഷപ്പെട്ടു!
അമിട്ടാശാന്‍ ഏതു പദവിയില്‍ ഇരിക്കുമ്പോഴും വിടാതെ കൈവശം വയ്ക്കുന്ന ഒരു പദവിയുണ്ടെന്നാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ പറയുന്നത്. അത് അഹ്മദാബാദിലെ ഒരു സഹകരണ ബാങ്കിന്റെ ഡയറക്ടര്‍ സ്ഥാനമാണ്. കക്ഷി ഗുജറാത്തില്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴും ഇപ്പോള്‍ അഖിലഭാരത പശുവാദി പാര്‍ട്ടിയുടെ പരമപൂജനീയ അധ്യക്ഷനായിരിക്കുമ്പോഴുമൊക്കെ ഈ ഡയറക്ടര്‍ പദവി വിടാതെ കൈവശം വച്ചിരിക്കും.
പണ്ടൊരു കുരങ്ങച്ചന്‍ മുതലയോട് പറഞ്ഞ കാര്യം ഓര്‍മയില്ലേ? എന്റെ ഹൃദയം അക്കരെ മരക്കൊമ്പിലാണ് വച്ചിരിക്കുന്നത്; അവിടം വരെ എത്തിച്ചാല്‍ അതെടുത്ത് മുതലച്ചാര്‍ക്ക് കഴിക്കാന്‍ തരാമെന്ന്? അതേപോലെ എന്തോ ഒരു സംഗതിയാണ് അഹ്മദാബാദ് ബാങ്കിലും നിക്ഷേപമായി വച്ചിരിക്കുന്നതെന്നു ചിലര്‍ക്ക് തോന്നിയിരുന്നു. അവര്‍ വിവരാവകാശപ്രകാരം കണ്ടെത്തിയതും അതുതന്നെ. അമിട്ടാശാന്റെ പണപ്പെട്ടി വച്ചിരിക്കുന്നത് അഹ്മദാബാദിലെ സഹകരണ ബാങ്കിന്റെ കൊമ്പത്താണ്. അതു തുറന്നുനോക്കിയപ്പോള്‍ കണ്ടത് നിറയെ കള്ളപ്പണമാണെന്നു ചില മാധ്യമങ്ങള്‍ പറയുന്നു.
അമിട്ടാശാനും മോദിയാശാനും മാത്രം അറിഞ്ഞ മഹാസംഭവമാണല്ലോ നോട്ട് റദ്ദാക്കല്‍ പരിപാടി. നോട്ട് അച്ചടിക്കുന്ന റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറോ സാമ്പത്തിക വിഷയങ്ങളില്‍ ഉപദേശിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ ഉപദേശകനോ എന്തിന് ധനമന്ത്രി പോലുമോ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. മോദിയാശാന്‍ ടെലിവിഷനില്‍ പൂഴിക്കടകന്‍ അടിച്ചപ്പോഴാണ് ആ മണ്ടന്‍മാരൊക്കെ വിവരമറിയുന്നത്. കേട്ടവര്‍ കേട്ടവര്‍ തലയില്‍ കൈവച്ചുപോയെന്നാണ് കേള്‍വി. സ്വന്തം കീശയിലെ കള്ളപ്പണത്തിന്റെ കാര്യം ഓര്‍ത്താണോ ജനത്തിന്റെ കഷ്ടപ്പാട് ഓര്‍ത്താണോ എന്നറിയില്ല.
എന്നാല്‍, അമിട്ടാശാന് കാര്യം കൃത്യമായി അറിയാമായിരുന്നു. എങ്ങനെ അതു വന്‍ നേട്ടമാക്കി മാറ്റാമെന്ന കാര്യവും പുള്ളിക്കാരനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. തീരുമാനം പ്രഖ്യാപിച്ച് അഞ്ചു നാള്‍ക്കകം 750 കോടി രൂപയാണത്രേ ബാങ്കില്‍ നിക്ഷേപമായി കുമിഞ്ഞുകൂടിയത്! അതാണ് പറഞ്ഞത്, അമിട്ടാശാന്‍ തൊടുന്നതെല്ലാം പൊന്നാവും. അഹ്മദാബാദ് സഹകരണ ബാങ്കിലെ ഡയറക്ടര്‍ പദവി എന്തുവന്നാലും കൈവിടില്ലെന്ന പിടിവാശിയുടെ കാരണവും മനസ്സിലായില്ലേ? അതാണ് രാജ്യസ്‌നേഹം രാജ്യസ്‌നേഹം എന്നു പറയുന്നത്.
ഇതേ ആഴ്ച തന്നെയാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേശകന്‍ അരവിന്ദ് സുബ്രഹ്മണ്യപ്പട്ടരും സ്ഥലം കാലിയാക്കുന്നത്. പട്ടരുടെ ഉപദേശമൊന്നും സര്‍ക്കാരിനു വേണ്ട. എങ്ങനെ വായുവില്‍ നിന്നു പണം കൊയ്യാമെന്ന് പട്ടര്‍ക്ക് അറിയില്ലെങ്കിലും അമിട്ട്-മോദി കൂട്ടുകെട്ടിന് നന്നായറിയാം.                         ി

RELATED STORIES

Share it
Top