വായിച്ചു വളരാന്‍ എഴുത്തുപെട്ടി

പടന്ന: വായനയുടെ വസന്തോല്‍സവത്തിലേക്ക് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട പദ്ധതിയൊരുക്കി എടച്ചാക്കൈ എയുപി സ്‌കൂള്‍. വായന പക്ഷാചരണത്തിന്റെ ഭാഗമായി കിനാത്തില്‍ സാംസ്‌കാരിക സമിതി വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ പത്ത് മാസം നീണ്ടു നില്‍ക്കുന്ന “എഴുത്ത് പെട്ടി” പദ്ധതിക്കാണ് വായനാദിനത്തില്‍ തുടക്കം കുറിച്ചത്.
ഓരോ മാസവും വിദ്യാര്‍ഥികള്‍ ലൈബ്രറിയില്‍ നിന്നും ഗ്രന്ഥാലയത്തില്‍ നിന്നും മറ്റുമായി വായിച്ച പുസ്തകങ്ങളുടെ ആസ്വാദന കുറിപ്പുകളാണ് എഴുത്തുപെട്ടിയില്‍ നിക്ഷേപിക്കേണ്ടത്.
മികച്ചത് തിരഞ്ഞെടുത്ത് എല്ലാ മാസവും ആദ്യ തിങ്കളാഴ്ച അസംബ്ലിയില്‍ അര്‍ഹരയാവര്‍ക്ക് സാംസ്‌കാരിക സമിതി സമ്മാനം നല്‍കും. സാംസ്‌കാരിക സമിതി സെക്രട്ടറി ശിവദാസര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് കെ വിലാസിനി, പി വി ഭാസ്‌കരന്‍ മാസ്റ്റര്‍, വി ആശാലത, കെ വി ജയശ്രീ, സുജിത്ത്, കെ വി സുദീപ് കുമാര്‍ സംബന്ധിച്ചു.
പക്ഷാചരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ അമ്മ വായന, സാഹിത്യരചന മല്‍സരം, ചിത്രരചന മല്‍സരം, ലൈബ്രറി ഉദ്ഘാടനം, പുസ്തക പത്തായം, ഒരു രൂപയ്ക്ക് ഒരു പുസ്തകം, പിറന്നാള്‍ പുസ്തകം തുടങ്ങി വേറിട്ട പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top