വായനയുടെ മഹത്ത്വം വിളിച്ചോതി നാടെങ്ങും വായനദിനാചരണം

കണ്ണൂര്‍: വായനയുടെ മഹത്വം വിളിച്ചോതി നാടെങ്ങും വായനദിനാചരണം. വായന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ സി ഐ വല്‍സല മുഖ്യപ്രഭാഷണം നടത്തി. പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി കാരയില്‍ സുകുമാരന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ജയബാലന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷാ ദീപക്, എസ്എസ്എ ജില്ലാ പ്രൊജക്റ്റ് ഓഫിസര്‍ കെ ആര്‍ അശോകന്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം സുര്‍ജിത്ത്, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ മനോജ് സെബാസ്റ്റ്യന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി വിമ, പിടിഎ പ്രസിഡന്റ് പി എം സാജിദ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു സംസാരിച്ചു.
ഇരിട്ടി: തില്ലങ്കേരി തെക്കംപോയില്‍ വാണീവിലാസം എല്‍പി സ്‌കൂളില്‍ വായനദിനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്തംഗം പ്രശാന്തന്‍ മുരിക്കോളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ സാദിഖ്— അധ്യക്ഷത വഹിച്ചു. സ്‌കൂളിലെ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഇരിട്ടിക്കൂട്ടം വാട്‌സ് ആപ് കൂട്ടായ്മ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എം പ്രശാന്ത്, പി വി അനൂപ്, ടി വി ഹാഷിം, രാഹുല്‍, പ്രമോദ് പൂമരം, ലിപിന സംസാരിച്ചു.
കുട്ടികള്‍ക്ക് ബാലസാഹിത്യ പുസതകങ്ങളും വിതരണവും പ്രശ്‌നോത്തരി മല്‍സരവും നടത്തി. തില്ലങ്കേരി ഗവ. യൂപി സ്‌കൂളില്‍ വായനദിനവും ക്ലാസ് ലൈബ്രറി ഉദ്ഘാടനവും കഥാകൃത്ത് ബാബുരാജ് അയ്യല്ലൂര്‍ നിര്‍വഹിച്ചു. പഞ്ചയാത്തംഗം യൂ സി നാരായണന്‍ അധ്യക്ഷത വഹിച്ചു. കെ സി സജീവന്‍, യൂ സി പ്രവീണ്‍, സീമ, പ്രധാനാധ്യാപകന്‍ എം പി ശശീധരന്‍ സംസാരിച്ചു.
വിളക്കോട് ഗവ. യുപി സ്‌കൂള്‍ വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ വായനാ വാരാചരണം ആരംഭിച്ചു. പുസ്തകക്കുറിപ്പ് തയാറാക്കല്‍, എന്റെ ഇഷ്ടപ്പെട്ട പുസ്തകം, മാഗസിന്‍ നിര്‍മാണം, സാഹിത്യ ക്വിസ്, വായനാ മല്‍സരം തുടങ്ങിയ പരിപാടികളാണ് നടത്തുക. മുഴക്കുന്ന് ഗ്രാമപഞ്ചായത്തംഗം ബി മിനി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്‍മാന്‍ ഇ കെ സന്തോഷ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന്‍ ഉസ്മാന്‍ പള്ളിപ്പാത്ത്, വിദ്യാരംഗം കണ്‍വീനര്‍ സവിത, ഉത്രജ, ദയാ മുകുന്ദ്, വി വി വിനോദ്, സാലി വര്‍ഗീസ് സംസാരിച്ചു.
മാഹി: ചാലക്കര ഉസ്മാന്‍ ഗവ. ഹൈസ്‌കുളില്‍ വായന വാരാചരണത്തിന് തുടക്കമായി. മയ്യഴി വിമോചന സമര ചരിത്രത്തിലെ ധീര രക്തസാക്ഷി പി കെ ഉസ്മാന്‍ മാസ്റ്ററുടെ ജിവിതത്തെ ആസ്പദമാക്കി പി ഗംഗാധരന്‍, രവീന്ദ്രന്‍ കളത്തില്‍, ചാലക്കര പുരുഷു എന്നിവര്‍ രചിച്ച പുസ്തകങ്ങളും സി എച്ച് ഗംഗാധരന്റെ മയ്യഴി, വരുണ്‍ രമേഷിന്റെ മയ്യഴി എന്നീ ചരിത്ര രചനയും ഉള്‍പ്പെടുത്തിയുള്ള ഉസ്മാന്‍ വായന എന്ന വേറിട്ട പരിപാടിയുമായാണ് പക്ഷാചരണത്തില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
വിദാര്‍ഥികളില്‍ വായന ശീലമാക്കാനുളള പദ്ധതികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായനദിന പരിപാടി പ്രധാനാധ്യാപകന്‍ എം മുസ്തഫ ഉദ്ഘാടനം ചെയ്തു. വി കെ വനജാക്ഷി അധ്യക്ഷത വഹിച്ചു. എം വി സീനത്ത്, സിദ്ധാര്‍ഥ് പവിത്രന്‍, നിരഞ്ജന, ധനേഷ്, ശീതള്‍, ജ്യോതിര്‍മയി, അക്ഷയ് സംസാരിച്ചു. തുടര്‍ന്ന് വായനവേദി അംഗങ്ങള്‍ അധ്യാപകരോടൊപ്പം ചാലക്കര പൊതുഗ്രന്ഥാലയം സന്ദര്‍ശിച്ചു.
തലശ്ശേരി: വായന ദിനത്തില്‍ 38 അന്തര്‍ദേശീയ പത്രങ്ങളും രാജ്യത്തെ 25 ദേശീയപത്രങ്ങളും പ്രദര്‍ശിപ്പിച്ച് തിരുവങ്ങാട് ചാലിയ യുപി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി വായനാദിനത്തെ അവിസ്മരണീയമാക്കി. ഇംഗ്ലണ്ട്, റഷ്യ, കുവൈത്ത്, തായ്‌ലന്റ്്, സൗദി, തായ്‌വാന്‍, ചൈന, നെതര്‍ലാന്റ്, ഖത്തര്‍, ശ്രീലങ്ക, ജര്‍മനി,  അമേരിക്ക, വിയറ്റ്‌നാം, ബ്രസീല്‍, ചിലി, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി, പോളണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ജപ്പാന്‍, ഈജിപ്ത്, അംഗോള തുടങ്ങിയ 38 വിദേശ രാജ്യങ്ങളിലെ പത്രങ്ങളാണ് സ്‌കൂള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കിയത്. ലോകകപ്പ് ഫുട്‌ബോളിലെ അവിസ്മരണീയ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയത് പ്രസിദ്ധീകരിച്ച പത്രങ്ങളും വിദേശ രാജ്യങ്ങളിലെ ഓരോ രാജ്യത്തും നടന്ന സംഭവ ബഹുലമായ രാഷ്ട്രീയ ചലനങ്ങള്‍, സാര്‍വദേശീയ രാഷ്ട്രീയ രംഗത്തുണ്ടാക്കിയ ആഘാതങ്ങളും പ്രത്യാഘാതങ്ങളും വിശദീകരിക്കുന്ന പത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ചൊക്ലി സ്വദേശിയും ബിആര്‍സി ട്രെയിനറുമായ സി പി ഷാജിയുടെ ശേഖരത്തില്‍ നിന്നാണ് ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ച പത്രങ്ങള്‍ പ്രദര്‍ശനത്തിനായി സ്‌കൂളിലെത്തിച്ചത്. 2008 മുതല്‍ 2018 വരെയുള്ള പത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. രാജ്യത്തെ പ്രധാന ദേശീയ പത്രങ്ങളും ഹിന്ദി, ഗോവ(കൊങ്കിണി), ഒഡീഷ(ഒറിയ), കന്നഡ, തെലുങ്ക്, തമിഴ്, പോണ്ടിച്ചേരി(തമിഴ്), ഹിമാചല്‍പ്രദേശ് തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ പത്രങ്ങളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പുറമേ രക്ഷിതാക്കളും നാട്ടുകാരും പ്രദര്‍ശനം കാണാനെത്തി.

RELATED STORIES

Share it
Top