വായനയുടെ പുതിയ വസന്തകാലം തീര്‍ക്കാന്‍ വായന ഗ്രാമമൊരുങ്ങുന്നു

സി   കെ   ശശിപച്ചാട്ടിരി

ആനക്കര: കേരളത്തിന്റെ അടിസ്ഥാന വികസനത്തിന് ഏറെ മാറ്റമുണ്ടാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ചുവട് പിടിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത് വായനാ ഗ്രാമം എന്ന മാതൃകാപദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. വായനയുടെ മഹാ ലോകത്തോട് പുത്തന്‍ തലമുറയെ ആകര്‍ഷിക്കുക എന്നതും ഗ്രാമങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ വളര്‍ത്തി കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളാണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് വായനാ ഗ്രാമമെന്ന പുത്തന്‍ ആശയം കൊണ്ട് നേടുന്നത്.
പന്തിരുകുല ത്തിന്റെ പെരുമകള്‍ കൊണ്ട്‌സസമ്പന്നമായ തൃത്താലയുടെ സാംസ്‌ക്കാരിക പാരമ്പര്യം നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വായനാ ഗ്രാമം ഊര്‍ജം നല്‍കും. എം ടി, അക്കിത്തം ഉള്‍പ്പെടെയുള്ള സാംസ്‌ക്കാരിക നായകരും, വിടി ഭട്ടതിരിപ്പാടിനെപ്പോലെയുള്ള നവോത്ഥാന നായകരും തൃത്താലയുടെ സൗഭാഗ്യങ്ങളാണ്.
ഇന്ത്യയുടെ ധീരവനിത ആനക്കരയുടെ പുത്രിക്യാപ്റ്റന്‍ ലക്ഷ്മിയും തൃത്താലയുടെ അഭിമാനമാണ്.  കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ കേരളത്തിനാകെ മാതൃക തീര്‍ത്ത നിരവധി പ്രവര്‍ത്തനങ്ങള്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയിട്ടുണ്ട്.അതിന്റെയെല്ലാം തുടര്‍ച്ച എന്ന നിലയില്‍ കൂടിയാണ് വായനാ ഗ്രാമം എന്ന നൂതന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലൂടെ രൂപം നല്‍കി നടപ്പിലാക്കുന്നത്.
ബ്ലോക്ക പഞ്ചായത്തിന് കീഴിലെ ഏഴ് പഞ്ചായത്തുകളിലായി 119 വാര്‍ഡുകളാണുള്ളത്. ഓരോ വാര്‍ഡുകളിലും     10 വയസ്സു മുതല്‍ 20 വയസ്സുവരെയുള്ള പരമാവധി 50 കുട്ടികളുള്ള  സംഘങ്ങള്‍ രൂപീകരിച്ച് ബ്ലോക്ക്  ഗ്രാമ പഞ്ചായത്തംഗങ്ങള്‍, കുടുംബശ്രീ എഡി എസ് ചെയര്‍പേഴ്‌സണ്‍, വായനശാലാ പ്രതിനിധി എന്നിവര്‍ രക്ഷാധികാരികളും കുട്ടി കളുടെ പ്രതിനിധികളായ സെക്രട്ടറിയും പ്രസിഡന്റും നേതൃത്വം നല്‍കുകയും ചെയ്യുന്ന കമ്മിറ്റിയാണ് വായനാഗ്രാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഈ വാര്‍ഡ്തല കമ്മറ്റിക്ക് പതിനായിരത്തിലധികം രൂപ മുഖവിലവരുന്ന പുസ്തകങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. പുസ്തകങ്ങള്‍ ഒരു കേന്ദ്രത്തില്‍ സംഭരിക്കാതെ എല്ലാവര്‍ക്കും വായനക്കായി നല്‍കും. എല്ലാ ഞായറാഴ്ചകളിലും യോഗം ചേര്‍ന്ന് വായന കഴിഞ്ഞ പുസ്തകങ്ങള്‍ പരസ്പരം കൈമാറും. എല്ലാ വീടുകളിലും പുസ്തകങ്ങള്‍ എത്തിച്ചേരും.
ഒരു വാര്‍ഡിലെ പുസ്തകങ്ങളുടെ വായന പൂര്‍ത്തിയായാല്‍ തൊട്ടടുത്ത വാര്‍ഡിലേക്ക് നല്‍കി അവിടത്തെ പുസ്തകങ്ങള്‍ തിരിച്ചു വാങ്ങും. ഇങ്ങനെ ഒരു പഞ്ചായത്തിലെ എട്ടു വാര്‍ഡുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലെ എല്ലാ പുസ്തകങ്ങളും ഒരു വര്‍ഷത്തിനുള്ളില്‍ വായിച്ചു തീരും.വായന പൂര്‍ത്തീകരിച്ചാല്‍ ഓരോ വാര്‍ഡിനോടും ചേര്‍ന്നു കിടക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിച്ചു നല്‍കിയ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരമുളള വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ കൈമാറും. രണ്ട് മാസം കൂടുമ്പോള്‍ വായനാ ഗ്രാമത്തിന്റെ അംഗങ്ങളായവര്‍ക്കു വേണ്ടി ക്വിസ് മത്സരം സാഹിത്യരചനാമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം വാര്‍ഡ്  പഞ്ചായത്ത് തലങ്ങില്‍ സംഘടിപ്പിക്കും.
കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് നിര്‍ണ്ണായക നേതൃത്വം നല്‍കിയ  തൃത്താലയുടെ കീര്‍ത്തി ഉയരങ്ങളിലേക്കെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വായനാ ഗ്രാമം ഊര്‍ജ്ജം പകരും.വായനാ ഗ്രാമത്തിന്റെ ഉദ്ഘാടനം വായനാദിനമായ  ഇന്ന് (19 ന് )രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച്  ചെറുകഥാകൃത്ത് ടി പത്മനാഭന്‍ നിര്‍വ്വഹിക്കും .സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗല്‍ഭരും ജനപ്രതിനിധികളും പങ്കെടുക്കും. വൈകീട്ട് ഏഴു പഞ്ചായത്തുകളിലെയും 119 വാര്‍ഡുകളിലും പുസ്തകവിതരണച്ചടങ്ങ് സംഘടിപ്പിക്കും.

RELATED STORIES

Share it
Top