വായനദിനം: കൊണ്ടോട്ടിയെക്കുറിച്ച് സര്‍വവിജ്ഞാനകോശത്തില്‍ തെറ്റായ വിവരം

കൊണ്ടോട്ടി: സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച സര്‍വവിജ്ഞാനകോശം എട്ടാം വാള്യത്തിലെ 707ാം പേജിലുള്ള തെറ്റായ വിവരം കൊണ്ടോട്ടിക്കാരെ മോശമായി ചിത്രീകരിക്കുന്നതാണെന്ന് കൊണ്ടോട്ടി തങ്ങള്‍ കുടുംബത്തിലെ അംഗമായ ശിഹാബുദ്ദീന്‍ പറഞ്ഞു.
വായനാദിനത്തിന്റെ ഭാഗമായി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ അറബിമലയാളം ഗവേഷണ ഗ്രന്ഥാലയം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നതായി അറിഞ്ഞെത്തിയ അദ്ദേഹം സര്‍വ വിജ്ഞാനകോശത്തിലെ കൊണ്ടോട്ടിയെ പരാമര്‍ശിക്കുന്ന ഭാഗം അക്കാദമിയില്‍ നിന്നും പകര്‍പ്പെടുത്തശേഷമാണ് പ്രതികരിച്ചത്. കൊണ്ടോട്ടി തങ്ങള്‍കുടുംബം അറക്കല്‍ കുടുംബവുമായി ബന്ധപ്പെട്ടതാണെന്ന സര്‍വ വിജ്ഞാനകോശത്തിലെ പരാമര്‍ശം തെറ്റാണ്. മുംബൈയിലെ കല്യാണ്‍ ജില്ലയില്‍ നിന്നും മുഹമ്മദ്ഷാ തങ്ങള്‍ എത്തിയതും കൊണ്ടോട്ടി നഗരത്തിന്റെ വളര്‍ച്ചയുമെല്ലാം ചരിത്രകാരനായിരുന്ന കെ കെ മുഹമ്മദ് അബ്ദുല്‍കരീം വിവരിച്ചിട്ടുണ്ട്. സര്‍വവിജ്ഞാനകോശത്തിന്റെ 1996ല്‍ പ്രസിദ്ധീകരിച്ച രണ്ടാം പതിപ്പിലാണ് ഈ തെറ്റുകള്‍ കടന്നുകൂടിയിട്ടുള്ളത്.
മലബാര്‍ കലാപത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു കൊണ്ടോട്ടി തങ്ങള്‍ കുടുംബമെന്ന പരാമര്‍ശവും ഇതിലുണ്ട്. യഥാര്‍ഥത്തില്‍ മലബാര്‍ കലാപം ബാധിക്കാതിരുന്ന പ്രദേശമായിരുന്നു കൊണ്ടോട്ടി. സാംസ്‌കാരിക വകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും സംയുക്തമായി നടത്തുന്ന വായനാപക്ഷാചരണത്തിന്റെ ഭാഗമായി ജൂലായ് ഏഴുവരെ അക്കാദമിയിലെ അറബിമലയാളം ഗവേഷണ ഗ്രന്ഥാലയം പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം.
ഗ്രന്ഥാലയത്തില്‍ അംഗത്വമെടുക്കാനും അവസരമൊരുക്കിയിരിക്കുന്നു. ഗവേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അക്കാദമിയിലെ ഗ്രന്ഥാലയത്തില്‍ അംഗങ്ങളാകാം. ഞായറാഴ്ചകളിലും അക്കാദമിയിലെ അറബിമലയാളം ഗവേഷണ ഗ്രന്ഥാലയം പ്രവര്‍ത്തിക്കും.

RELATED STORIES

Share it
Top