വാമോസ് അര്‍ജന്റീന, വാമോസ് മെസ്സി; നൈജീരിയയെ വീഴ്ത്തി അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍


സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് ഡിയിലെ ആവേശ മല്‍സരത്തിനൊടുവില്‍ നൈജീരിയയെ 2-1ന് തകര്‍ത്ത് അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍. മെസ്സിയും റാഹോയുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ഡിയിലെ  മറ്റൊരു മല്‍സരത്തില്‍ ക്രൊയേഷ്യ 2-1ന് ഐസ് ലന്‍ഡിനെയും മുട്ടുകുത്തിച്ചു.
14ാം മിനിറ്റില്‍ മെസ്സിയിലൂടെയാണ് അര്‍ജന്റീന അക്കൗണ്ട് തുറന്നത്. പോസ്റ്റിന്റെ ഇടത് ഭാഗത്ത് നിന്ന് മെസ്സി തൊടുത്ത വലങ്കാല്‍ ഷോട്ട് നൈജീരയുടെ വല തുളയ്ക്കുകയായിരുന്നു. ബ നേഗയുടെ അസിസ്റ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. റഷ്യന്‍ ലോകകപ്പിലെ 100ാം ഗോള്‍ കൂടിയായിരുന്നു ഇത്. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡോടെ തന്നെയാണ് അര്‍ജന്റീന പിരിഞ്ഞത്.
രണ്ടാം പകുതിയുടെ 51ാം മിനിറ്റില്‍ നൈജീരിയ ഒരു ഗോള്‍മടക്കി. ലിയോണ്‍ ബാലഗോണിനെ ബോക്‌സില്‍ ഹാവിയര്‍ മഷരോനക്ക് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയെ വലയിലാക്കി വിക്ടര്‍ മോസസാണ് നൈജീരിയക്ക് വേണ്ടി ഗോള്‍ മടക്കിയത്. പിന്നീടുള്ള സമയത്ത്് മല്‍സരം കടുത്തെങ്കിലും 86ാം മിനിറ്റില്‍ അര്‍ജന്റീന ലീഡെടുത്തു. ഗബ്രിയേല്‍ മെര്‍ക്കാഡോയുടെ ക്രോസിനെ മിന്നല്‍ ഷോട്ടിലൂടെ മാര്‍ക്കസ് റോഹോ വലയിലെത്തിക്കുകയായിരുന്നു. പിന്നീടുള്ള സമത്ത് ഗോളകന്ന് നിന്നതോടെ 2-1ന്റെ ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ നിന്ന് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. മൂന്ന് കളിയില്‍ നിന്ന് നാല് പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീനയുടെ പ്രീക്വാര്‍ട്ടര്‍ മുന്നേറ്റം. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് സി ചാംപ്യന്‍മാരായ ഫ്രാന്‍സാണ് അര്‍ജന്റീനയ്ക്ക് എതിരാളികളായെത്തുന്നത്.
മറ്റൊരു നിര്‍ണായക മല്‍സരത്തില്‍ ഐസ് ലന്‍ഡിനെ തകര്‍ത്ത്് ഗ്രൂപ്പ് ഡി ചാംപ്യന്‍മാരായി ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ക്രൊയേഷ്യയുടെ ജയം. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 53ാം മിനിറ്റില്‍ ബഡേജിയും 90ാം മിനിറ്റില്‍ പെരിസിക്കും ക്രൊയേഷ്യക്കായി ലക്ഷ്യം കണ്ടപ്പോള്‍ 76ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ സിഗൂര്‍ഡ്‌സനാണ് ഐസ്‌ലന്‍ഡിന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. കളിച്ച മൂന്ന് മല്‍സരവും ജയിച്ച ക്രൊയേഷ്യ ഒമ്പത് പോയിന്റോടെയാണ് ഗ്രൂപ്പില്‍ ചാംപ്യന്‍മാരായത്. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് സി രണ്ടാം സ്ഥാനക്കാരായ ഡെന്‍മാര്‍ക്കാണ് ക്രൊയേഷ്യയുടെ എതിരാളികള്‍.

RELATED STORIES

Share it
Top