വാമനപുരം നദിയില്‍ നീരൊഴുക്ക് കുറവ്; കുടിവെള്ള പദ്ധതികള്‍ ആശങ്കയില്‍

തിരുവനന്തപുരം: വാമനപുരം നദിയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ കുടിവെള്ള പദ്ധതികള്‍ ആശങ്കയില്‍. ചിറയിന്‍കീഴ്, വര്‍ക്കല, കഴക്കൂട്ടം, നെടുമങ്ങാട് മേഖലകളിലെ നിരവധി പദ്ധതികളിലേക്കുള്ള പമ്പുകളാണ് വാമനപുരം നദിയിലെ പരവൂര്‍പ്പുഴക്കടവില്‍ പ്രവര്‍ത്തിക്കുന്നത്. നീരൊഴുക്ക് കുറയുന്നതിനാല്‍ വേനല്‍ക്കാലത്തെ ജലവിതരണം തകിടംമറിയുമെന്നാണ് വാട്ടര്‍അതോറിട്ടി ഉദ്യോഗസ്ഥര്‍ പറയുന്നത്. കഴിഞ്ഞ വേനലില്‍ നദിയുടെ ഉത്ഭവസ്ഥാനം മുതല്‍ ചിറയിന്‍കീഴ് മുതലപ്പൊഴിവരെ വറ്റിവരണ്ടിരുന്നു. നദികളിലെ വിവിധ ഭാഗങ്ങളിലെ കുഴികളില്‍ ജലം കെട്ടിനിന്നതാണ് പദ്ധതികള്‍ക്ക് ആശ്വാസമായത്. ചെറിയ പമ്പ് സെറ്റുകള്‍ വച്ച് വെള്ളം പമ്പ് ചെയ്ത് ജലസംഭരണികളില്‍ എത്തിച്ചതോടെയാണ് ജലവിതരണം അല്‍പമെങ്കിലും പുനസ്ഥാപിക്കാന്‍ കഴിഞ്ഞത്. ലക്ഷക്കണക്കിന് രൂപ ഇതിനായി വാട്ടര്‍ അതോറിറ്റിക്ക് ചെലവായി. അതോടൊപ്പം പൂവന്‍പാറ പാലത്തിന് താഴെ തടയണ നിര്‍മ്മിക്കുകയും ചെയ്തു. കഴിഞ്ഞ വേനലിനുശേഷം തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ നദി നിറഞ്ഞൊഴുകുകയായിരുന്നു. എന്നാല്‍, നിലവില്‍ ജലനിരപ്പ് മുക്കാല്‍ ഭാഗവും താഴ്ന്നിരിക്കുകയാണ്. നദിക്ക് സമീപത്തെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. കുടിവെള്ള വിതരണം മുടങ്ങാതിരിക്കാന്‍ പദ്ധതി പ്രദേശത്തിന് മുമ്പിലും ശേഷവും തടയണ നിര്‍മ്മിക്കണമെന്ന ആവശ്യം പലതവണ ഉയര്‍ന്നെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളിലേക്കും വെള്ളമെത്തിക്കുന്നത് ജലവിഭവ വകുപ്പിന്റെ ആറ്റിങ്ങല്‍ ഡിവിഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇതിലേക്കായി 11 പദ്ധതികളാണ് നടപ്പാക്കിയിട്ടുളളത്. എല്ലാം വാമനപുരം നദിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. പദ്ധതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top