വാന്ന ക്രൈ-റാന്‍സം വെയര്‍ ബാധ : 75,000 കംപ്യൂട്ടറുകള്‍ തകരാറിലായിന്യൂയോര്‍ക്ക്: ലോകത്താകമാനം നൂറോളം രാജ്യങ്ങളിലായി പതിനായിരക്കണക്കിന് സെര്‍വര്‍ സംവിധാനങ്ങളെ ഫയലുകള്‍ തിരികെ ലഭിക്കാന്‍ പണം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണം ബാധിച്ചു. വാന്ന ക്രൈ (കരയണോ) എന്ന പേരില്‍ അറിയപ്പെടുന്ന റാന്‍സംവെയര്‍ ബാധിച്ചത് 99 രാജ്യങ്ങളിലെ 75,000ഓളം കംപ്യൂട്ടര്‍ സംവിധാനങ്ങളെയാണെന്നു സുരക്ഷാ സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കള്‍ പറയുന്നു. റഷ്യ, ഉക്രെയിന്‍, തായ്‌വാന്‍ എന്നിവിടങ്ങളിലെ കംപ്യൂട്ടര്‍ സംവിധാനങ്ങളെയാണ് ആക്രമണം സാരമായി ബാധിച്ചത്. ബ്രിട്ടനില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായി. സ്‌പെയിനില്‍ നിരവധി സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. വിവിധ രാജ്യങ്ങളില്‍ ഇ-ഗവേണന്‍സ് സംവിധാനങ്ങള്‍ തകരാനും ആക്രമണം കാരണമായി. ഒരു കംപ്യൂട്ടറില്‍ നിയന്ത്രണം നേടി ഫയലുകള്‍ അവ എന്‍ക്രിപ്റ്റ് ചെയ്ത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്തവിധത്തിലാക്കുന്നതാണ് വാന്ന ക്രൈ എന്ന റാന്‍സംവെയര്‍ വിഭാഗത്തില്‍ പെടുന്ന മാല്‍വെയറിന്റെ (അപകടകാരിയായ സോഫ്റ്റ്‌വെയര്‍, വൈറസിനു സമാനം) പ്രവര്‍ത്തനരീതി. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തെയാണ് ഇതു കൂടുതലായും ബാധിക്കുക. മാല്‍വെയര്‍ ബാധയുണ്ടായാല്‍ കംപ്യൂട്ടര്‍ പൂര്‍വസ്ഥിതിയിലാവാന്‍ പണം ആവശ്യപ്പെടുന്നതിനാലാണ് ഇവയെ റാന്‍സംവെയര്‍ എന്നു വിളിക്കുന്നത്. വാന്ന ക്രൈ ബാധിച്ച കംപ്യൂട്ടറുകളില്‍ ആദ്യഘട്ടത്തില്‍ മൂന്നു ദിവസത്തിനുള്ളില്‍ 300 ഡോളര്‍ ആവശ്യപ്പെട്ടുള്ള പോപ് അപ് വിന്‍ഡോയാണ് പ്രത്യക്ഷപ്പെടുക. പണം നല്‍കാന്‍ വൈകുമ്പോള്‍ ഇതിന്റെ ഇരട്ടി തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കും. പണം നല്‍കിയില്ലെങ്കില്‍ മൂന്നു ദിവസത്തെ സമയപരിധി കഴിഞ്ഞാല്‍ എന്‍ക്രിപ്റ്റ് ചെയ്ത വിവരശേഖരം മുഴുവന്‍ നശിപ്പിക്കുമെന്നും വാന്ന ക്രൈ ആക്രമണം നേരിട്ട കംപ്യൂട്ടറുകളില്‍ സന്ദേശമെത്തുന്നു. ബിറ്റ് കോയിന്‍ എന്ന ഡിജിറ്റല്‍ രൂപത്തിലുള്ള എന്‍ക്രിപ്റ്റ് ചെയ്ത കറന്‍സിയായാണ് (ക്രിപ്‌റ്റോ കറന്‍സി) പണം നല്‍കാന്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. ഡബ്ല്യു ക്രൈ എന്ന പേരിലാണ് സന്ദേശങ്ങള്‍ ലഭിച്ചതെങ്കിലും വാന്ന ക്രൈ എന്നാവാം റാന്‍സംവെയറിന്റെ പേരെന്ന് സൈബര്‍ ആക്രമണം വിശകലനം ചെയ്ത സാങ്കേതിക വിദഗ്ധര്‍ അറിയിക്കുകയായിരുന്നു. ഷാഡോ ബ്രോക്കേഴ്‌സ് എന്ന ഹാക്കിങ് ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ഈ മാല്‍വെയര്‍ പുറത്തുവിട്ടത്.

RELATED STORIES

Share it
Top