വാതില്‍ പടി വിതരണം : പാവപ്പെട്ടവര്‍ക്ക് റേഷന്‍ അരി കിട്ടാതായെന്ന് ആക്ഷേപംവൈപ്പിന്‍: സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമായി റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കുന്ന വാതില്‍ പടി വിതരണം തുടങ്ങിയപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് റേഷന്‍ അരി കിട്ടാതെയായെന്ന് ആക്ഷേപം. ഉദ്യോഗസ്ഥന്‍മാര്‍ കൃത്യമായി അരി കടകളില്‍ എത്തിക്കാത്തതാണ് വിതരണത്തിനു തടസമായത്. വൈപ്പിന്‍, പറവൂര്‍ മേഖലയിലെ റേഷന്‍ കടകളില്‍ മെയ്മാസം വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങള്‍ ഈ മാസം 26 നാണ് സിവില്‍ സപ്ലൈസ് കടകളിലെത്തിച്ചത്. അതും പൂര്‍ണമായും സാധനങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് റേഷന്‍ കടക്കാര്‍ പറയുന്നു. ഇനി ഇത് മൂന്ന് ദിവസങ്ങള്‍കൊണ്ട് കൊടുത്തു തീര്‍ക്കണം. ഈ സാഹചര്യത്തില്‍ റേഷന്‍ ധാന്യങ്ങള്‍ കരിഞ്ചന്തയിലേക്കു ഒഴുകുമെന്നാണ് കാര്‍ഡുടമകളുടെ ആരോപണം. മാത്രമല്ല അടുത്തമാസത്തെ അരിയും ഇതേ പോലെ മുടങ്ങുമെന്നാണ് കാര്‍ഡുടമകളുടെ ആശങ്ക. ഭക്ഷ്യസുരക്ഷ നിയമം നടപ്പിലായതോടെ മൊത്തവ്യാപാരികളെ ഒഴിവാക്കിയതിനാല്‍ ഇപ്പോള്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍മാരാണ് ഫുഡ് കോര്‍പറേഷന് ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ നിന്നും സ്വകാര്യ അരിമില്ലുകളില്‍ നിന്നുമൊക്കെ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് റേഷന്‍ കടകളിലെത്തിക്കുന്നത്. ഇത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുണ്ട്. അരി നേരിട്ടെത്തിക്കുന്നതിനാല്‍ ഗുണമേന്മയുള്ള അരി അളവില്‍ വലിയ വ്യത്യാസമില്ലാതെ ഉപഭോക്താക്കള്‍ ലഭിക്കുന്നുണ്ട് വിതരണം കൂടുതല്‍ കാര്യക്ഷമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. മെയ്മാസത്തെ ഭക്ഷ്യധാന്യത്തില്‍ 70 ശതമാനത്തോളം ധാന്യങ്ങള്‍ മാത്രമെ ഏറ്റെടുത്ത് വിതരണം ചെയ്യാനായിട്ടുള്ളുവെന്നാണ് അറിവ്. ഇതാണ്  റേഷന്‍ കടകളില്‍ മുഴുവന്‍ തോതില്‍ ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തത്. ഓരോ മാസത്തെയും റേഷന്‍ വിഹിതം തലേമാസം ശേഖരിച്ചാണ് മൊത്തവ്യാപാരികള്‍ വിതരണം ചെയ്തിരുന്നത്. ഇത് ഉദ്യോഗസ്ഥതലത്തില്‍ സാധ്യമല്ല. മാത്രമല്ല വാതില്‍പടി വിതരണം വന്നപ്പോള്‍  പല കടകളിലും  പാതിരാത്രിയിലാണ് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നത്. ലോറി ഡ്രൈവര്‍ അല്ലാതെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍മാര്‍ ഒപ്പം ഉണ്ടാകില്ലത്രെ.  വലിയ ലോറികളില്‍ എത്തിക്കുന്ന റേഷന്‍ ധാന്യങ്ങള്‍ ഇടറോഡിലുടെ ഉള്‍പ്രദേശങ്ങളിലുള്ള റേഷന്‍ കടകളില്‍ നേരിട്ട് ഇറക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തില്‍ പ്രധാന റോഡില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍ നിന്നും ചെറിയ വാനുകളില്‍ പകര്‍ത്തിയാണ് ഇപ്പോള്‍ ഉള്‍പ്രദേശങ്ങളിലെ കടകളില്‍ എത്തിക്കുന്നത്. മഴക്കാലത്ത് ഇത് ഏറെ ശ്രമകരമാകുമെന്നാണ് റേഷന്‍ കടക്കാര്‍ പറയുന്നത്. ചാക്ക് മഴ നനഞ്ഞ പടി കടകളില്‍ അട്ടിയിട്ടാല്‍ പൂപ്പല്‍ പിടിച്ച് ധാന്യങ്ങള്‍ ഭക്ഷ്യയോഗ്യമല്ലാതാകുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

RELATED STORIES

Share it
Top