വാതിലുകള്‍ കെട്ടിവച്ച് ബസ്സുകള്‍: നടപടിയില്ലെന്ന് ആക്ഷേപം

ചാവക്കാട്: തീരദേശ മേഖലയില്‍ മുന്‍വാതിലും പിന്‍വാതിലും കെട്ടിവെച്ചും ഇല്ലാതേയും സ്വകാര്യ ബസ്സുകളുടെ പാച്ചില്‍. പരാതി ശകതമായിട്ടും നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേം ശക്തമായി.
നഗരത്തിലൂടെ ചീറിപ്പായുന്ന ബസ്സുകളില്‍ പലതിലും വാതിലുകള്‍ രണ്ടും കയര്‍ ഉപയോഗിച്ച് കെട്ടി വച്ചിരിക്കുകയാണ്. എത്ര തിരക്കാണെങ്കിലും ക്ലീനര്‍മാര്‍ വാതില്‍ അടക്കാറില്ല. ഇത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന മോട്ടോര്‍ വാഹന മുന്നറിയിപ്പ് ഉണ്ടെങ്കിലും അവയെല്ലാം കാറ്റില്‍ പറത്തിയാണ് ബസ്സുകള്‍ ഓടുന്നത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന കാര്യക്ഷമമായി നടക്കാത്തതും ഇവര്‍ക്ക് ഗുണകരമാകുന്നുണ്ട്.
വാതില്‍ അടക്കാത്തതിനാല്‍ പുരുഷന്മാര്‍ ഗതാഗത കുരുക്കിലും ഓടുന്ന ബസ്സുകളില്‍ ചാടി കയറുന്നത് സ്ഥിരം കാഴ്ചയാണ്. കൂടാതെ സ്‌റ്റോപ്പുകള്‍ ഇല്ലാത്തിടത്ത് നടപ്പാതകളോടു ചേര്‍ന്നു നിര്‍ത്തി ആളുകളെ ഇറക്കുന്നതും കയറ്റുന്നതും പതിവാണ്.
ഇത് കാല്‍നടക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും തടസം സൃഷ്ടിക്കുന്നതായി വ്യാപക പരാതിയുണ്ട്. നഗരത്തില്‍ ബസ്സുകളുടെ പാച്ചില്‍ മൂലം വിദ്യാര്‍ത്ഥികള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍പോലും കഴിയാത്ത അവസ്ഥയുണ്ട്. ഇത്തരം വിഷയത്തില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ ശക്തമായ നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മുമ്പ് കടപ്പുറം അടിതിരുത്തിക്കടുത്ത് മുന്‍വാതില്‍ കെട്ടിവെച്ച് അമിത വേഗതയില്‍ പാഞ്ഞ ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരേ പരിശോധന കര്‍ശനമാക്കിയെങ്കിലും ക്രമേണ അത് നിലക്കുകയായിരുന്നു.

RELATED STORIES

Share it
Top