വാതിലിന്റെ ലോക്കടഞ്ഞു; കുട്ടികള്‍ മുറിയില്‍ കുടുങ്ങി

ഉരുവച്ചാല്‍: രണ്ടു വീടുകളിലെ വാതിലിന്റെ ലോക്ക് അടഞ്ഞു. പിഞ്ചു കുഞ്ഞടക്കം മൂന്നു കുട്ടികള്‍ മുറിയില്‍ കുടുങ്ങി.
ഉരുവച്ചാലില്‍ അടുത്തടുത്ത രണ്ടു വീടുകളിലാണ് വ്യത്യസ്ത സംഭവം. ഒരുവീട്ടില്‍ ശനിയാഴ്ച രാത്രി 10നും മറ്റൊരു വീട്ടില്‍ ഇന്നലെ ഉച്ചയോടെയുമാണ് സംഭവം. ശനിയാഴ്ച രാത്രി ഏഴും ഒമ്പതും വയസ്സായ രണ്ടു വിദ്യാര്‍ഥികള്‍ മുറിയില്‍ കിടന്നുറങ്ങാന്‍ നേരം വാതില്‍ ലോക്ക് ചെയ്തിരുന്നു. രാത്രി 10ഓടെ വീട്ടുകാര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല. അയല്‍വാസികളെ വിവരമറിയിച്ച് അവരെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് കുടുങ്ങിയതിനാല്‍ വിഫലമായി. ഇതോടെ വാതില്‍ തകര്‍ക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ സമീപത്തെ മറ്റൊരു വീട്ടില്‍ ഒന്നര വയസ്സുകാരി മുറിയില്‍ കുടുങ്ങി. മുറിയില്‍ കയറിയ കുട്ടി വാതിലടച്ചപ്പോള്‍ വാതിലിന്റെ കുറ്റി ലോക്കില്‍ വീണ് കുഞ്ഞിന് തുറക്കാന്‍ കഴിയാതെ ആയി.
ഏറെനേരം മുറിയില്‍ കഴിഞ്ഞ കുട്ടി വാതിലില്‍ തട്ടുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പ്പെടുകയായിരുന്നു. മുറിയുടെ അകത്തുനിന്ന് ലോക്കായതിനാല്‍ പുറത്തുനിന്ന് തുറക്കാന്‍ കഴിഞ്ഞില്ല. അയല്‍വാസികളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയവര്‍ തന്ത്രപൂര്‍വം വാതില്‍ തുറക്കുകയായിരുന്നു.

RELATED STORIES

Share it
Top