വാതക പൈപ്പ്‌ലൈന്‍: കലക്ടറുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു

പാനൂര്‍: തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവത്തൂര്‍ മുണ്ടത്തോട് സ്ഥാപിക്കുന്ന വാള്‍വ് സ്‌റ്റേഷനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയും സമരസമിതി നേതാക്കളും തമ്മില്‍ കലക്്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
പൈപ്പ്‌ലൈനും, വാള്‍വ് സ്‌റ്റേഷനും ജനവാസ മേഖലയിലാണെന്നും, മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും ആരോപിച്ചാണ് സമരസമിതി സമര രംഗത്തു നിലയുറപ്പിച്ചത്. വാള്‍വ്‌സ്‌റ്റേഷന്‍ നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് പഠനം നടത്തിയതിന് ശേഷമേ നടപടിയുമായി മുന്നോട്ടു പോകാവൂ എന്ന് നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും പ്രവൃത്തിയുമായി മുന്നോട്ടു പോവുമെന്ന് കലക്ടര്‍ പറഞ്ഞതോടെ സമരവുമായി ഞങ്ങളും മുന്നോട്ടു പോവുമെന്ന് സമരസമിതിയും നിലപാടെടുത്തു. അലൈന്‍മെന്റില്‍ മാറ്റം വരുത്തില്ലെന്നും അക്വിസിഷന്‍ നടപടിയുമായി മുന്നോട്ടു പോവുമെന്നുമുള്ള കലക്ടറുടെ ഉറച്ച നിലപാടാണ് ചര്‍ച്ചയ്ക്ക് തടസം നേരിട്ടതെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ്, വാര്‍ഡ് മെംബറും സമരസമിതി ചെയര്‍മാനുമായ എ പി ഇസ്മായില്‍, കണ്‍വീനര്‍ ടി വി മഹമൂദ്, വിക്ടിം ഫോറം ലീഗല്‍സെല്‍ കണ്‍വീനര്‍ അഡ്വ പ്രതീപ് കുമാര്‍, ഹരീഷ് കടവത്തൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തി ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ സമരസമിതി പ്രക്ഷോഭവുമായി രംഗത്ത് വന്നിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് കനത്ത പോലിസും നിലയുറപ്പിച്ചിരുന്നു.

RELATED STORIES

Share it
Top