വാതകചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ കഴിയാതെ അധികൃതര്‍

കൊച്ചി: കൊച്ചി കപ്പല്‍ശാലയിലെ കപ്പലില്‍ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറി സംഭവിച്ചത് എസി പ്ലാന്റിന് സമീപത്തു നിന്നാണെന്ന് കപ്പല്‍ശാലാ അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊട്ടിത്തെറിക്കു കാരണമായ വാതക ചോര്‍ച്ചയുടെ ഉറവിടവും കാരണവും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം അപകടമുണ്ടായ കപ്പലും സ്ഥലവും സന്ദര്‍ശിച്ച് നടത്തിയ പരിശോധനയിലാണു കപ്പലിലെ ബല്ലാസ്റ്റ് ടാങ്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന എസി പ്ലാന്റിന് സമീപം പെട്ടെന്നുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിലേക്കു നയിച്ചതെന്ന പ്രാഥമിക വിലയിരുത്തല്‍ നടത്തിയത്. ബള്‍ക്ക് ഹെഡിലെ വ്യതിയാനവും കേടുപാടുകളെയും വിലയിരുത്തിയാണ് സ്‌ഫോടനസ്ഥലം തിരിച്ചറിഞ്ഞത്. സ്‌ഫോടനത്തില്‍ ടാങ്കിന്റെ സ്റ്റീല്‍ ഭിത്തിക്ക് കാര്യമായ നാശം സംഭവിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്്.
അഞ്ചുപേര്‍ മരിക്കുകയും ഏഴുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിനു കാരണം വാതക ചോര്‍ച്ചയാണെന്ന് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ വാതകം ചോര്‍ന്നത് എവിടെ നിന്നാണെന്നും സ്‌ഫോടനത്തിന്റെ കാരണം എന്താണെന്നും സ്ഥിരീകരിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ലെന്നും കപ്പല്‍ശാലയുടെ നേതൃത്വത്തില്‍ നടക്കുന്ന ആഭ്യന്തര അന്വേഷണത്തിനു ശേഷം മാത്രമെ ഇക്കാര്യത്തില്‍ വ്യക്തത കൈവരിക്കുകയുള്ളൂവെന്നുമാണു കപ്പല്‍ശാല അധികൃതരുടെ വിശദീകരണം. ദിവസവും രാവിലെ ജോലി ആരംഭിക്കുന്നതിനു മുമ്പ് കപ്പല്‍ശാലയിലെ അഗ്നിശമന വിഭാഗവും സുരക്ഷാ ഉദ്യോഗസ്ഥരും മേഖലയില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ജോലി ആരംഭിക്കാന്‍ തൊഴിലാളികള്‍ക്ക് അനുവാദം നല്‍കുന്നതെന്നാണു കപ്പല്‍ശാലാ അധികൃതര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പരിശോധന നടക്കുമ്പോഴാണു പൊട്ടിത്തെറിയുണ്ടായതെന്നും ഇവര്‍ വ്യക്തമാക്കുന്നു.
അതേസമയം, മരിച്ചവരുടെ കുടുബത്തിലെ ഒരാള്‍ക്ക്് വീതം കപ്പല്‍ശാലയില്‍ ജോലി നല്‍കാന്‍ അധികൃതര്‍ തീരുമാനിച്ചു. അപകടത്തെക്കുറിച്ചു വിലയിരുത്താന്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്നലെ ചേര്‍ന്ന കൊച്ചി കപ്പല്‍ശാലാ അധികൃതരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും ജോലി നല്‍കുക. ഇതു കൂടാതെ മരിച്ചവരുടെ കുട്ടികള്‍ക്ക് തുടര്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള സഹായവും കപ്പല്‍ശാല ചെയ്യും. ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ സഹായമായിരിക്കും ചെയ്യുക. നിയ മാനുസൃത ആനുകൂല്യങ്ങള്‍ക്ക് പുറമെ മരിച്ച വരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതില്‍ 25,000 രൂപ അടിയന്തരമായി നല്‍കാന്‍ തീരുമാനിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികില്‍സയും ആശുപത്രി ചെലവുകളും നല്‍്കും. ഇതു കൂടാതെ രണ്ടു മാസത്തെ ശമ്പളത്തിനു തത്തുല്യമായ തുക അടിയന്തരമായി നല്‍കാനും തീരുമാനിച്ചു. നിയമപരമായുള്ള നഷ്ടപരിഹാരം കൂടാതെ ഇവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതു വരെയുള്ള വേതനം നല്‍കാനും യോഗം തീരുമാനിച്ചു.



RELATED STORIES

Share it
Top