വാണിയംകുളം ചന്തയില്‍ കന്നുകാലി വ്യാപാരം കുത്തനെ കുറഞ്ഞുഒറ്റപ്പാലം: നൂറ്റാണ്ടുകളുടെ പഴക്കമുള്ള വാണിയംകുളം ചന്തയില്‍ കന്നുകാലി വ്യാപാരം കുത്തനെ കുറഞ്ഞു.പ്രതിവാരം കോടികളുടെ വ്യാപാരം നടന്നിരുന്ന ചന്തയില്‍ കശാപ്പ് നിരോധനം പ്രാബല്യത്തിലായതോടെയാണ്  വ്യാപാരം കുത്തനെ ഇടിഞ്ഞത്.രണ്ടു കോടിരൂപക്കടുത്ത് വ്യാപാരം നടക്കാറുള്ള ചന്തയില്‍ ഇന്നലെ കേവലം അമ്പത് ലക്ഷം രൂപയില്‍ താഴെ മാത്രമുള്ള വ്യാപാരമാണ് നടന്നത്. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നായി എഴുപതോളം ലോഡ് കന്നുകളാണ് എല്ലാ വ്യാഴാഴ്ചയും വാണിയംകുളത്ത് എത്താറുള്ളത്. ഇത്തവണ എത്തിയത് കേവലം 18 ലോഡ് മാത്രം. തെക്കന്‍ കേരളത്തില്‍ നിന്നും മലബാറില്‍ നിന്നുമെത്താറുള്ള കച്ചവടക്കാരുടെ എണ്ണവും പകുതിയായി കുറഞ്ഞു.നിരോധനത്തില്‍ നിന്ന് പോത്തിനെ ഒഴിവാക്കുമെന്ന് ശ്രുതിയുള്ളതിനാല്‍ ഇന്നലെ നാമമാത്രമായ പോത്തുകള്‍ മാത്രമാണ് കച്ചവടത്തിന് എത്തിയിരുന്നത്.ഉള്ള പോത്തുകള്‍ക്ക് തന്നെ ജോഡിക്ക് നാല്പതിനായിരത്തിനും, അറുപതിനായിരത്തിനും ഇടയിലായിരുന്നു വില.വ്യാപാരം ഗണ്യമായി കുറയുന്ന സാഹചര്യം വരുകയാണെങ്കില്‍ പ്രശസ്തമായ വാണിയംകുളം ചന്ത ഓര്‍മകള്‍ മാത്രമായി മാറും.

RELATED STORIES

Share it
Top