വാണിമേലില്‍ കഞ്ചാവ് വിതരണക്കാരന്‍ എക്‌സൈസ് പിടിയില്‍

വാണിമേല്‍: വാണിമേല്‍ മേഖലയില്‍ കഞ്ചാവെത്തിക്കുന്ന പ്രധാന കണ്ണിയെ നാദാപുരം എക്‌സൈസ് അധികൃതര്‍ പിടികൂടി. വാണിമേല്‍ നെടുംമ്പറമ്പ് സ്വദേശി കൂട്ടായി ചാലില്‍ മൂര്‍ഖന്‍ സുരേഷ് എന്ന സുരേഷി (38) നെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയും സംഘവും പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം ആറോടെയാണ് വെള്ളിയോട് പള്ളിക്ക് മുന്‍വശം റോഡില്‍ വച്ച് വില്‍പ്പനക്കായി സൂക്ഷിച്ച് വച്ച 25 ഗ്രാം കഞ്ചാവുമായി സുരേഷിനെ പിടികൂടുന്നത്.
മഫ്ടിയിലെത്തിയ എക്‌സൈസുകാരുടെ പിടിയിലായ യുവാവ് കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസ്സിന് മുമ്പിലേക്കും ഇയാള്‍ ചാടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീഴടക്കുകയായിരുന്നു. മേഖലയില്‍ സ്‌കൂള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സ്ഥിരമായി കഞ്ചാവെത്തിക്കുന്ന പ്രധാന കണ്ണിയാണ് സുരേഷെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വയനാട് മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ റെയ്ഡില്‍ മേഖലയിലെ രണ്ട് യുവാക്കളെ ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിലായിരുന്നു. സിഇഒമാരായ പ്രമോദ് പുളിക്കൂല്‍, കെ ഷിരാജ്, വി സി വിജയന്‍, ടി സനു, എന്‍ കെ ഷിജില്‍ കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top