വാണിജ്യയുദ്ധങ്ങളിലേക്ക് വീണ്ടും?

എന്‍ പി ചെക്കുട്ടി
ചൈനീസ് പാഠപുസ്തകങ്ങളില്‍ ഇന്നും സുപ്രധാനമായ ഒരു ചരിത്രപാഠമായി നിലനില്‍ക്കുന്നത് കുപ്രസിദ്ധമായ ഓപ്പിയം യുദ്ധങ്ങളാണ്. ചൈനയിലേക്ക് കഞ്ചാവും മറ്റു മയക്കുമരുന്നുകളും സുലഭമായി കടത്തിക്കൊണ്ടുപോയി ആ നാട്ടിലെ ജനതയെയാകെ മയക്കുമരുന്നിന്റെ അടിമകളാക്കി മാറ്റാനുള്ള തങ്ങളുടെ അവകാശം സ്ഥാപിച്ചെടുക്കാനാണ് ഇംഗ്ലണ്ടും ഫ്രാന്‍സും അടക്കമുള്ള പാശ്ചാത്യ വാണിജ്യശക്തികള്‍ 19ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ചൈനയെ കടന്നാക്രമിച്ചത്. ആദ്യത്തെ യുദ്ധം 1839ല്‍ ആരംഭിച്ച് 1842ല്‍ അവസാനിച്ചു. വീണ്ടും ഏതാനും വര്‍ഷം കഴിഞ്ഞ് ബ്രിട്ടിഷ്, ഫ്രഞ്ച് പടക്കപ്പലുകള്‍ ചൈനയുടെ നേരെ കടന്നാക്രമണം നടത്തി. 1860ല്‍ ചൈനയുടെ പൂര്‍ണമായ കീഴടങ്ങലിലാണ് ആ യുദ്ധം അവസാനിച്ചത്. അതോടെ വിശാലമായ ആ നാട് പാശ്ചാത്യ വാണിജ്യശക്തികളുടെ പൂര്‍ണ നിയന്ത്രണത്തിലായി.
പേള്‍ നദീമുഖത്തെ കാന്റണ്‍ എന്നറിയപ്പെടുന്ന നഗരത്തിലായിരുന്നു അക്കാലത്ത് ചൈനയുടെ വിദേശവാണിജ്യം കേന്ദ്രീകരിച്ചിരുന്നത്. ഉള്‍നാടുകളിലേക്ക് വിദേശികള്‍ ചരക്കുമായി വരുന്നത് ചൈനീസ് ഭരണാധികാരികള്‍ തടഞ്ഞിരുന്നു. അത്തരം നിയന്ത്രണങ്ങള്‍ തങ്ങള്‍ക്കു ബാധകമല്ല എന്നാണ് ബ്രിട്ടനും മറ്റ് പാശ്ചാത്യശക്തികളും പ്രഖ്യാപിച്ചത്. അത് ചൈനയിലെ മിങ് രാജവംശം എതിര്‍ത്തു. കടുത്ത സൈനിക ആക്രമണത്തിലൂടെ അവരെ കീഴ്‌പ്പെടുത്താനാണ് പാശ്ചാത്യശക്തികള്‍ തയ്യാറായത്.
ഓപ്പിയം എന്നത് അന്നു പാശ്ചാത്യരുടെ ലാഭക്കൊതിക്ക് പറ്റിയ ഉല്‍പന്നമായിരുന്നു. ഇന്ത്യയിലെ വിശാലമായ കരിമ്പുപാടങ്ങളും ഗോതമ്പുപാടങ്ങളും വെട്ടിനിരത്തി അവിടെ വ്യാപകമായി കഞ്ചാവ് കൃഷി ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്. ഇതാണു പിന്നീട് ചൈനയിലേക്ക് കടത്തിയത്. ഒരു സമൂഹത്തെയാകെ അടിമത്തത്തിലേക്ക് നയിച്ച ഈ കച്ചവടത്തിന്റെ കഥയാണ് അമിതാവ് ഘോഷിന്റെ ദ സീ ഓഫ് പോപ്പീസ് എന്ന നോവലില്‍ വര്‍ണിക്കുന്നത്.
19ാം നൂറ്റാണ്ടിലെ ആഗോള വാണിജ്യത്തിന്റെ അടിത്തറ കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നയം തന്നെയായിരുന്നു. ആയുധശക്തിയുള്ളത് പാശ്ചാത്യ കൊളോണിയല്‍ രാജ്യങ്ങള്‍ക്കായിരുന്നു. ബ്രിട്ടനും ഫ്രാന്‍സും സ്‌പെയിനുമാണ് അതില്‍ മുന്‍പന്തിയില്‍ നിന്നത്. അവര്‍ ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും കടന്നുകയറി ബലാല്‍ക്കാരമായി നേട്ടങ്ങള്‍ കൊയ്‌തെടുത്തു.
പക്ഷേ, ചൈനയെ സംബന്ധിച്ചിടത്തോളം ഇത് ഒരു വാണിജ്യപ്രശ്‌നം മാത്രമായിരുന്നില്ല. തങ്ങളുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിനു നേരെയുള്ള പാശ്ചാത്യരുടെ കടന്നാക്രമണമായാണ് അന്നുമിന്നും ചൈനീസ് ജനത ഈ സംഭവവികാസങ്ങളെ കണ്ടത്. ചിയാങ് കൈഷക്കിന്റെ കൂമിന്താങ് സേനകളും പിന്നീട് മാവോ സെതൂങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളും അക്കാര്യത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചത്. ചൈനയുടെ പില്‍ക്കാല വളര്‍ച്ചയില്‍ ഈ ദുരനുഭവങ്ങളുടെ പാഠങ്ങള്‍ പ്രധാന കൈമുതലായിരുന്നു. തങ്ങളുടെ സാമ്പത്തികവും വാണിജ്യപരവുമായ ശക്തി ആഗോളരംഗത്ത് വര്‍ധിപ്പിക്കേണ്ടത് പരമപ്രധാനമാണ് എന്നു ചൈന കരുതി.
കഴിഞ്ഞ നാലു പതിറ്റാണ്ടില്‍ ചൈനയുടെ വികസനരംഗത്തെ കുതിച്ചുചാട്ടത്തിന്റെ പ്രധാന രാസത്വരകം ചരിത്രപരമായ ഈ അനുഭവങ്ങളും ലോകവിപണിയെ കീഴടക്കാനുള്ള അത്യുല്‍സാഹവും തന്നെയായിരുന്നു. 1979ല്‍ ചൈന ലോകവിപണിയുടെ ഭാഗമായി മാറി. അന്നുമുതലാണ് പുതിയ സാമ്പത്തികനയങ്ങള്‍ ആ രാജ്യം നടപ്പാക്കാന്‍ തുടങ്ങിയത്. മാവോവിന് ശേഷം അധികാരത്തിലേറിയ ദെങ് സിയാവോ പിങ് ആയിരുന്നു ഈ പുതിയ നയങ്ങളുടെ ഉപജ്ഞാതാവ്. സാമ്പത്തികരംഗത്ത് മുന്നേറ്റം കൈവരിക്കാന്‍ പരമാവധി ശ്രമിക്കണം എന്നതാണ് ചൈന ആവിഷ്‌കരിച്ച നയം. അതിന്റെ ഭാഗമായി ചൈന ആഗോളവിപണിയില്‍ ഇടപെടുകയും ലോകരംഗത്ത് തുറന്ന വിപണിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ മുന്‍കൈയെടുക്കുകയും ചെയ്തു.
അങ്ങനെയാണു ചൈന ലോകത്തെ പ്രധാന ഉല്‍പാദനകേന്ദ്രമായി മാറിയത്. ഇരുമ്പും ഉരുക്കും കളിപ്പാട്ടങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും എന്നുവേണ്ട, ലോകവിപണിയില്‍ വില്‍ക്കാവുന്ന സകല സാധനങ്ങളും നിര്‍മിക്കുന്ന മുഖ്യ ഉല്‍പാദനകേന്ദ്രമായി ചൈന മാറി. ചൈനീസ് ഉല്‍പന്നങ്ങളുടെ വിലക്കുറവാണ് അവ ലോകവിപണി കൈയടക്കാന്‍ സഹായകമായി മാറിയ ഘടകം. ഇന്ത്യയടക്കം ലോകമെങ്ങുമുള്ള കമ്പോളങ്ങളില്‍ ചൈനീസ് ഉല്‍പന്നങ്ങള്‍ വന്നു കുമിഞ്ഞു.
ചൈനയിലെ വന്‍ ജനസംഖ്യയും ഗ്രാമീണമേഖലയില്‍ നിന്ന് നഗരങ്ങളിലേക്ക് തൊഴില്‍ തേടി കുടിയേറിയ ദശലക്ഷക്കണക്കിന് യുവജനങ്ങളുമാണ് കുറഞ്ഞ നിരക്കില്‍ ഉല്‍പന്നങ്ങളുണ്ടാക്കി വില്‍ക്കാന്‍ ചൈനയെ സഹായിച്ചത്. അവര്‍ ലോകവിപണി കീഴടക്കിയപ്പോള്‍ നേരത്തേ ഇത്തരം ഉല്‍പന്നങ്ങള്‍ നിര്‍മിച്ച പല രാജ്യങ്ങള്‍ക്കും കമ്പോളത്തില്‍ തിരിച്ചടി നേരിട്ടു. ചൈനയെപ്പോലെ കുറഞ്ഞ വിലയ്ക്ക് ഉല്‍പാദനം നടത്താന്‍ അവര്‍ക്കു സാധ്യമായിരുന്നില്ല. കാരണം, താരതമ്യേന വികസിതമായ പാശ്ചാത്യരാജ്യങ്ങളില്‍ കൂലിച്ചെലവ് കൂടുതലായിരുന്നു. അതിനാല്‍ ഉല്‍പാദനച്ചെലവും അധികമായി. സ്വാഭാവികമായും നഷ്ടം സഹിച്ചുവേണം ചൈനയുമായി മല്‍സരിക്കാന്‍ എന്ന നില വന്നുചേര്‍ന്നു. 1990കളിലും 2000ത്തിന്റെ ആദ്യ ദശകത്തിലും ഈ മല്‍സരം ആഗോളരംഗത്ത് കൊടുമ്പിരിക്കൊള്ളുകയായിരുന്നു.
ചൈനയ്ക്ക് ഇതു വലിയ നേട്ടങ്ങളുണ്ടാക്കി. അവരുടെ വാണിജ്യ നീക്കിയിരിപ്പ് വളരെ അധികമായിരുന്നു. അമേരിക്കയും മറ്റു പല പാശ്ചാത്യരാജ്യങ്ങളും അതേ കാലത്ത് ആഗോളരംഗത്തു വലിയ വാണിജ്യക്കമ്മി നേരിട്ടു. കയറ്റുമതി വരുമാനത്തേക്കാള്‍ ഇറക്കുമതിച്ചെലവ് വര്‍ധിക്കുന്ന സാഹചര്യമാണ് വ്യാപാരക്കമ്മി ഉണ്ടാക്കുന്നത്. ചൈനയും ജര്‍മനിയും പോലുള്ള രാജ്യങ്ങളാണ് ഈ മല്‍സരത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയത്.
ഇപ്പോള്‍ അമേരിക്ക അതിനെ ചെറുക്കാനായി തീരുമാനിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് 60 ശതമാനം വരെ ചുങ്കം ഏര്‍പ്പെടുത്താനാണ് കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടത്. ഏതൊക്കെ ഉല്‍പന്നങ്ങള്‍ക്കാണ് ഈ കടുത്ത ചുങ്കം വരുകയെന്ന് വ്യക്തമല്ലെങ്കിലും 60,000 കോടി ഡോളര്‍ ഈയിനത്തില്‍ ചുങ്കമായി ചുമത്താനാണ് അമേരിക്ക ലക്ഷ്യമിടുന്നത് എന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
ചൈനയുടെ നേരെ ചുങ്കം പ്രയോഗിക്കുന്നതിനു തൊട്ടുമുമ്പ് അമേരിക്ക, തങ്ങളുടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിനും അലൂമിനിയത്തിനും ഇത്തരത്തില്‍ അമിത ചുങ്കം ചുമത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ നാട്ടിലെ ഇത്തരം വ്യവസായങ്ങളിലെ തൊഴിലാളികള്‍ക്ക് പണിയില്ലെന്നും അതിനാല്‍ വിദേശികളുടെ ഉല്‍പന്നങ്ങള്‍ക്ക് വന്‍ ചുങ്കം ചുമത്തി അവരെ ഓടിക്കുമെന്നുമാണ് ട്രംപ് ഭരണകൂടം പറയുന്നത്.
അമിതമായ ചുങ്കം ചുമത്തി വാണിജ്യ മല്‍സരങ്ങളെ തടയാന്‍ ശ്രമിക്കുന്നത് ലോകത്തിനു ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് പല സാമ്പത്തിക ശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളവല്‍ക്കരണത്തിനും ദോഷങ്ങള്‍ പലതുണ്ടെങ്കിലും ലോകം ഇന്ന് പരസ്പരബന്ധിതമായ ഒരു ആഗോള വിപണിയുടെ ഭാഗമാണ്. അതിനാല്‍ ഇത്തരം കൃത്രിമമായ നടപടികള്‍ കൂടുതല്‍ വിലക്കയറ്റത്തിനും ഉല്‍പാദനരംഗത്തെ മാന്ദ്യത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കുമാണ് ആത്യന്തികമായി വഴിവയ്ക്കുക എന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഏതായാലും ചൈന ഈ കടന്നാക്രമണത്തോട് പക്വതയോടെയാണ് പ്രതികരിച്ചുകണ്ടത്. അമേരിക്കയുടെ 60,000 കോടി ഡോളറിന്റെ ചുങ്കത്തെ നേരിടാനായി അവര്‍ തല്‍ക്കാലം 300 കോടി ഡോളറിന്റെ അധിക ചുങ്കം മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, വരുംദിവസങ്ങളില്‍ അവരുടെ മട്ട് മാറിയെന്നു വരാം. കടുത്ത നടപടികളിലേക്ക് അവരും നീങ്ങിയെന്നും വരാം. അങ്ങനെ വന്നാല്‍ അധികം വൈകാതെ ഒരു ആഗോള വിപണിയുദ്ധത്തിനു സാധ്യത തുറന്നുവരും. വിപണിയുദ്ധം സൈനികയുദ്ധമായി മാറാന്‍ അധികസമയം വേണ്ടിവരില്ല എന്നതാണ് ലോകചരിത്രത്തിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.                                                     ി

RELATED STORIES

Share it
Top