വാട്‌സ് ആപ് വഴി ഇനി പണം കൈമാറാം

കാലഫോര്‍ണിയ: ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള മള്‍ട്ടി മീഡിയ മെസഞ്ചര്‍ പ്ലാറ്റ്‌ഫോം ആയ വാട്‌സ് ആപ് വഴി ഇനി പണവും കൈമാറാം. പണം കൈമാറാന്‍ കഴിയുന്ന സംവിധാനത്തോടെ ബീറ്റാ വെര്‍ഷന്‍ വാട്‌സ് ആപ് പുറത്തിറക്കി. ഇതിലൂടെ പണം അയക്കാനും സ്വീകരിക്കാനും കഴിയും. ആദ്യഘട്ടത്തില്‍ ഈ സംവിധാനത്തിലൂടെ സാധനങ്ങള്‍ വാങ്ങാനാവില്ല. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് പണ വിനിമയം സാധ്യമാവുക. ഇന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് നിയന്ത്രിക്കുന്ന നാഷനല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്നാണു പണവിനിമയം. വാട്‌സ് ആപ് ഡിജിറ്റല്‍ പെയ്‌മെന്റ് നിലവിലെ പേടിഎം, ഗൂഗ്ള്‍ തുടങ്ങി എല്ലാ വാലറ്റുകള്‍ക്കും വെല്ലുവിളി ഉയര്‍ത്തും. അക്കൗണ്ട് ഒരിക്കല്‍ വാട്‌സ് ആപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കാം. യുപിഐ (യൂനിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ ഫേസ്) എന്ന സേവനമുപയോഗിച്ചാണു വാട്‌സ് ആപ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം പിന്‍ നല്‍കണം. നേരത്തെ യുപിഐ സേവനം ആക്റ്റിവേറ്റ് ചെയ്തവര്‍ക്കു നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തിരഞ്ഞെടുത്ത് എം പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാവും.ഒരാളുമായി ചാറ്റ് ചെയ്യുന്നതിനു ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ, വീഡിയോകളോ പോലുള്ള മറ്റേതെങ്കിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സ് ആപ് അക്കൗണ്ടുകളില്‍ പുതുതായി 'പെയ്‌മെന്റ്' എന്നൊരു ഐക്കണ്‍ കൂടി കാണാനാവും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണമായി.വാട്‌സ് ആപ് ഗ്രൂപ്പിലേക്കും പണം അയക്കാം. പക്ഷേ ഏതെങ്കിലും ഗ്രൂപ്പ് അംഗത്തെ തിരഞ്ഞെടുക്കണം എന്നു മാത്രം. അതായത് നിലവില്‍ ഒരാള്‍ക്ക് ഒരു സമയം ചാറ്റിലൂടെ മറുവശത്തുള്ള ഒരാള്‍ക്കു മാത്രമേ വാട്‌സ് ആപ്പിലൂടെ പണം അയക്കാന്‍ സാധിക്കൂ.

RELATED STORIES

Share it
Top