വാട്‌സ്ആപ്പ് വഴി ചൈന രഹസ്യം ചോര്‍ത്തുമെന്ന് സൈനികര്‍ക്ക് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിച്ച് ചൈന രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചേക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കരസേന ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ്  സൈനികര്‍ക്ക് മുന്നറിയിപ്പ്  നല്‍കിയത്.
ഡിജിറ്റല്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ചൈന എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നു. +86ല്‍ തുടങ്ങുന്ന ചൈനീസ് നമ്പറുകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ അടക്കമുള്ളവ ചോര്‍ത്തിയേക്കാം. വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ തുടര്‍ച്ചയായി പരിശോധിച്ച് അജ്ഞാത നമ്പറുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് സൈനികര്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈല്‍ നമ്പര്‍ മാറ്റുന്നവര്‍ അക്കാര്യം അഡ്മിനെ അറിയിക്കണം. പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ പഴയത് പൂര്‍ണമായും നശിപ്പിക്കണമെന്നും കരസേനയുടെ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പബ്ലിക് ഇന്റര്‍ഫേസ് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വാട്‌സ്ആപ്പ് പോലുള്ള സേവനങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ ഇന്ത്യ-ചൈനാ അതിര്‍ത്തിയില്‍ വിന്യസിച്ച സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED STORIES

Share it
Top