വാട്ട് എ വിന്‍; ഇഞ്ചുറി ടൈമില്‍ സ്വീഡനെ വീഴ്ത്തി ജര്‍മനി


സോച്ചി: ഗ്രൂപ്പ് എഫില്‍ ത്രില്ലിങ് ജയം സ്വന്തമാക്കി ജര്‍മനി. ആവേശ പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമില്‍ ടോണി ക്രൂസ് ഫ്രീ കിക്കിലൂടെ നേടിയ ഗോളിന്റെ കരുത്തില്‍ 2-1നാണ് ജര്‍മനി ജയം സ്വന്തമാക്കിയത്. 32ാം മിനിറ്റില്‍ ടോയ്‌വോനനിലൂടെ സ്വീഡനാണ് ആദ്യം അക്കൗണ്ട് തുറന്നത്. ടോണി ക്രൂസിന്റെ മിസ് പാസില്‍ നിന്നാണ്  ടൊയ്‌വോനെന്‍ വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി 1-0ന് സ്വീഡനൊപ്പം നിന്നു.
രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ജര്‍മനി 48ാം മിനിറ്റില്‍ സമനില പിടിച്ചു. ഗോമസിന്റെ അസിസ്റ്റില്‍ റൂസാണ് ജര്‍മനിക്ക് വേണ്ടി വലകുലുക്കിയത്.  മല്‍സരം 1-1 എന്ന നിലയിലേക്ക്. ജര്‍മനിക്ക് ജയം നിര്‍ണായകമായ മല്‍സരത്തില്‍ സ്വീഡന്‍ ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ജര്‍മന്‍ നിര നന്നായി വിയര്‍ത്തു. 82ാം മിനിറ്റില്‍ ജര്‍മനിക്ക് തിരിച്ചടിയായി ബോട്ടിങ് റെഡ്കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ജര്ഡമനി 10 പേരായി ചുരുങ്ങി.
എന്നാല്‍ പ്രതീക്ഷ കൈവിടാതെ കളിച്ച ജര്‍മനിയെത്തേടി ഫ്രീകിക്ക് ഭാഗ്യമെത്തി. ഇഞ്ചുറി ടൈമിന്റെ 95ാം മിനിറ്റില്‍ ബോക്‌സിന്റെ വലത് മൂലയില്‍ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക്. റൂസിന്റെ ടെച്ചില്‍ ടോണി ക്രൂസ് തൊടുത്ത മിന്നല്‍ ഷോട്ട് സ്വീഡന്റെ വലതുളയ്ക്കുകയായിരുന്നു. അതോടെ അവസാന മിനിറ്റിലെ ഗോളില്‍ 2-1ന്റെ ജയത്തോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.

RELATED STORIES

Share it
Top