വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

കറുകച്ചാല്‍: കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോള്‍ വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ പാഴാവുന്നത് ആയിരക്കണക്കിനു ലിറ്റര്‍ ശുദ്ധജലം. മല്ലപ്പള്ളിയിലെ ആറ്റില്‍ നിന്ന് പമ്പ് ചെയ്ത് നെടുങ്ങാടപ്പള്ളിയില്‍ എത്തിച്ച ശേഷം ശാന്തിപുരത്തെ പ്രധാന ടാങ്കില്‍ എത്തിച്ചാണ് കറുകച്ചാല്‍ പഞ്ചായത്തില്‍ ഉടനീളം കുടിവെള്ളം വിതരണം ചെയ്യുന്നത്.
കറുകച്ചാല്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാന്‍ പൈപ്പ് വെള്ളത്തിനു സാധിച്ചിരുന്നു. എന്നാല്‍ ഏതാനും മാസങ്ങളായി വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥയില്‍ വെള്ളം കിട്ടാക്കനിയാണെന്നു ഗുണഭോക്താക്കള്‍ പറയുന്നു. ആഴ്ച്ചയില്‍ മൂന്നും നാലും ദിവസം കൂടുമ്പോള്‍ എത്തിയിരുന്ന വെള്ളം പിന്നീട് ആഴ്ച്ചയില്‍ ഒന്നായും ഇപ്പോള്‍ മാസത്തില്‍ വല്ലപ്പോഴുമായി മാറിയിരിക്കുകയാണ്.
കുടിവെള്ള വിതരണം നടത്തുന്ന ദിവസങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുകയാണെന്നാണു നാട്ടുകാര്‍ പറയുന്നത്.
പഞ്ചായത്തിലുടനീളം വാട്ടര്‍ അതോറിറ്റിയുടെ ജല വിതരണ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയെല്ലാം കാലപ്പഴക്കത്താല്‍ ഇടയ്ക്കിടെ പൊട്ടുന്നതു നിത്യസംഭവമാണ്. ഓരോ ഭാഗത്തേക്കുള്ള വാല്‍വുകള്‍ തുറക്കുമ്പോള്‍ വെള്ളത്തിന്റ ശക്തിയാലാണ് പൈപ്പുകള്‍ പൊട്ടുന്നത്.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാനോ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി നടത്താനോ അധികൃതര്‍ തയ്യാറാവുന്നില്ല. ഇഞ്ചക്കുഴി മാമ്പതി ഭാഗത്തേക്കുള്ള പ്രധാന ജലവിതരണക്കുഴല്‍ പൊട്ടിയിട്ട് നാലു മാസത്തിലധികമായി.
വെള്ളം എത്തുന്ന ദിവസങ്ങളില്‍ പൂര്‍ണമായും റോഡിലൂടെ ഒഴുകുകയാണ് ചെയ്യുന്നത്. ഇതിനാല്‍ പ്രദേശത്തെ ഭൂരിഭാഗം ജനങ്ങള്‍ക്കും വെള്ളം കിട്ടാറില്ല.
ഇതു സംബന്ധിച്ച് നാട്ടുകാര്‍ പലതവണ അധികൃതരോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കറുകച്ചാലിലും പരിസരത്തും അടിക്കടി ശുദ്ധജല വിതരണ പൈപ്പ് പൊട്ടുന്നതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമല്ല.
ഉടന്‍ തന്നെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റി ഗുണമേന്‍മയുള്ള പൈപ്പുകള്‍ സ്ഥാപിച്ച് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്നു കറുകച്ചാല്‍ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ബി ബിജുകുമാര്‍ ആവശ്യപ്പെട്ടു .

RELATED STORIES

Share it
Top