വാട്ടര്‍ അതോറിറ്റിയുടെ എട്ടു ലക്ഷം ലിറ്റര്‍ ശുദ്ധജലം

പാലക്കാട്: പ്രളയത്തിനിടയില്‍ പൊതുജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം ഉണ്ടാവാതിരിക്കാന്‍ ശുദ്ധീകരിച്ച എട്ട് ലക്ഷം ലിറ്റര്‍ ശുദ്ധജല വിതരണവുമായി വാട്ടര്‍ അതോറിറ്റി. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന പൈപ്പ് ലൈനുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കിയാണു വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണം പുനസ്ഥാപിച്ചത്. കേടുപാടുകള്‍ പരിഹരിക്കാന്‍ കാലതാമസം എടുത്ത സ്ഥലങ്ങളില്‍ ലോറികളില്‍ കുടിവെള്ളം എത്തിച്ചും പ്രളയക്കെടുതിയില്‍ ജനങ്ങള്‍ക്കു കൈത്താങ്ങായി. പാലക്കാട് കുടിവെള്ള പദ്ധതിയുടെ മലമ്പുഴ ശുദ്ധീകരണശാലയില്‍ നിന്നും നിരവധി പ്രദേശങ്ങളിലേക്കു വെള്ളമെത്തിക്കുന്ന പൈപ്പ് തകരാറിലായതിനാല്‍ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെയാണ് പ്രതികൂലമായി ബാധിച്ചത്. പ്രസ്തുത പൈപ്പ് മാറ്റിയിടുന്ന പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയാണ് കുടിവെള്ളം പുനസ്ഥാപിച്ചത്. മൂത്താന്തറ, മാട്ടുമന്ത പ്രദേശങ്ങളിലെ ഉന്നതതലസംഭരണികളിലേക്ക് വെള്ളമെത്തിക്കുന്ന 700 മി.മീ വ്യാസമുള്ള 60 മീറ്റര്‍ കാസ്റ്റ് അയേണ്‍ പൈപ്പാണ് മലമ്പുഴ മുക്കൈ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ഒലിച്ചുപോയത്. ഇതിനെ തുടര്‍ന്ന് പാലക്കാട് നഗരസഭയുടെ ഭൂരിഭാഗവും പിരായിരി, മരുതറോഡ് പഞ്ചായത്ത് എന്നിവിടങ്ങളിലുമാണ് പൂര്‍ണമായി കുടിവെള്ള വിതരണം മുടങ്ങിയത്. പുതുശ്ശേരി കുടിവെള്ള പദ്ധതിയിലെ 634 മീറ്റര്‍ പൈപ്പ്‌ലൈന്‍ ഒഴുകിപോയതിനെ തുടര്‍ന്നു നാശനഷ്ടങ്ങളുണ്ടാവുകയും കുടിവെള്ളവിതരണം മുടങ്ങുകയും ചെയ്തിരുന്നു. ഈ പ്രദേശത്തെ കുടിവെള്ള വിതരണ പൈപ്പുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കി ഓണത്തിന് മുമ്പ് തന്നെ കുടിവെള്ളവിതരണം സാധ്യമാക്കി. പ്രളയാനന്തര നടപടികളുടെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി പാലക്കാട് സൂപ്രണ്ടിങ് എഞ്ചിനീയറുടെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം കലക്ടറേറ്റില്‍ ആരംഭിക്കുകയും കുടിവെള്ള സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയു ചെയ്തു. ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ ടാങ്കര്‍ലോറി മുഖേനയും പൈപ്പ്‌ലൈന്‍ നീട്ടിയും കുടിവെളളമെത്തിക്കുന്നതിനുള്ള നടപടികളും വകുപ്പ് സ്വീകരിച്ചു. കൂടാതെ ജില്ലയിലെ വിവിധ ക്യാമ്പുകളിലേക്ക് ടാങ്കര്‍ ലോറി വഴി ശുദ്ധീകരിച്ച എട്ട് ലക്ഷം ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്തിട്ടുണ്ട്. ജില്ലയിലെ പ്രധാന പുനരധിവാസ കേന്ദ്രമായ അപ്‌നാ ഘറിലേക്ക് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം 850 മീറ്റര്‍ പൈപ്പ്‌ലൈന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്ഥാപിച്ച് കുടിവെള്ളമെത്തിക്കാനും വകുപ്പിന് സാധിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top