വാടക്കല്‍ വ്യവസായ കേന്ദ്രത്തില്‍ അഗ്നിബാധ: വന്‍ ദുരന്തം ഒഴിവായി

അമ്പലപ്പുഴ: വാടക്കല്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാസ്റ്റിക് റീസൈക്കിളിങ് ഫാക്ടറിയിലെ പ്ലാസ്റ്റിക് കൂമ്പാരത്തിന് തീപ്പിടിച്ചു. അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടലില്‍ വന്‍ ദുരന്തം ഒഴിവായി. ഇന്നലെ  രാവിലെ എട്ടോടെയാണ് പുന്നപ്ര പടിഞ്ഞാറ് വാടക്കലിലെ രണ്ട് ഏക്കറോളം വരുന്ന ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റി ലാണ് തീപ്പിടുത്തം ഉണ്ടായത്. ഏഷ്യന്‍ പ്ലാസ്റ്റിക്‌സ്  ഫാക്ടറിയിലെ പ്ലാസ്റ്റിക് കൂമ്പാരത്തിനാണ് തീ പിടിച്ചത്.
ഫാക്ടറിയുടെ സമീപം റീസൈക്ലിങിനായി 12 അടിയോളം ഉയരത്തില്‍ 20 സെന്റ് ഓളം സ്ഥലത്ത് കട്ടിയേറിയ പഴയ ആസിഡ് കന്നാസുകളും ഫ്രിഡ്ജുകളും ഉള്‍പ്പെടെയുള്ള വലിയ പ്ലാസ്റ്റിക് കൂനയ്ക്കാണ് തീ പിടിച്ചത്. വൈദ്യുതി കമ്പിയില്‍ കുടുങ്ങി തീ പിടിച്ച കാക്ക പ്ലാസ്റ്റിക് കൂനയിലേയ്ക്ക് വീണതാണ് തീപ്പിടുത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.റോഡിന് സമീപം കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് കൂമ്പാരമാണ് ആദ്യം കത്തി തുടങ്ങിയത്. തുടര്‍ന്ന് ഫാക്ടറിയുടെ മതില്‍ കെട്ടിനുള്ളിലേക്ക് തീ വളരെ വേഗം വ്യാപിക്കുകയും വളരെ പെട്ടെന്ന് നിയന്ത്രണാതീതമാവുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനാംഗങ്ങള്‍ രണ്ട് മൊബൈല്‍ ടാങ്ക് യൂനിറ്റിലെയും ഒരു വാട്ടര്‍ ലോറിയിലെയും വെള്ളം മുഴുവന്‍ ഉപയോഗിച്ച് ഒന്നര മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്.
പ്ലാസ്റ്റിക് കത്തിയ പുകശ്വസിച്ചതിനാല്‍ അഗ്നിശമന ജീവനക്കാരില്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തൊട്ടടുത്ത കയര്‍ പായ നിര്‍മാണ ഫാക്ടറി ഉള്‍പ്പെടെയുള്ള ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റിലെ മറ്റ് വ്യവസായശാലകളിലേയ്ക്കും തീപടരാതെ തടയാന്‍ കഴിഞ്ഞത് അഗ്നിരക്ഷാ സേനയുടെ സമയോചിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനം കൊണ്ടാണ്. ലീഡിങ് ഫയര്‍മാന്‍മാരായ ഇ രാജന്‍, പിഎസ് ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ കൃഷ്ണദാസ്, സതീഷ് കുമാര്‍, ബിജു, പുഷ്പലാല്‍, വിനീഷ്‌കുമാര്‍, വിഷ്ണു ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പുഷ്പരാജ്, രഞ്ജിത്കുമാര്‍, ഷിബു, സുരാജ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയ അഗ്നിരക്ഷാസേനാ സംഘത്തിലുണ്ടായിരുന്നത്.

RELATED STORIES

Share it
Top