വാങ്ങിയ പണം തിരികെ നല്‍കിയില്ലയുവാവിന് ക്രൂരമര്‍ദനം: നാലുപേര്‍ അറസ്റ്റില്‍

നാദാപുരം: കടം വാങ്ങിയ എഴുനൂറ് രൂപ തിരിച്ച് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. വില്ല്യാപ്പള്ളി കടമേരി സ്വദേശി ഊരാളിവീട്ടില്‍ പി ടി രജീഷ് (34),ആയഞ്ചേരി സ്വദേശി കുട്ടന്‍ പറമ്പത്ത് മിഥുന്‍ (27),അരൂര്‍ സ്വദേശി തെക്കേ മഞ്ചാം കാട്ടില്‍ എം കെ സുരേഷ് (33),അരൂര്‍ സ്വദേശി പിലാക്കൂല്‍ വിജിത്ത്(27) എന്നിവരെയാണ് നാദാപുരം എസ്‌ഐ എന്‍ പ്രജീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. അരൂര്‍ സ്വദേശി കപ്പള്ളി വിജിലേഷ് (26)നാണ് മര്‍ദനമേറ്റത്.
അറസ്റ്റിലായ വിജിത്തിനോട് വിജിലേഷ് പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചെങ്കിലും വിജിലേഷ് കൊടുത്തിരുന്നില്ല  . ഇതിന്റെ പ്രതികാരമായാണ് മോഷണ കുറ്റം ആരോപിച്ച് വിജിത്തിന്റെ സുഹൃത്തുക്കളെയും കൂട്ടി വിജിലേഷിനെ മര്‍ദിച്ചതെന്ന് പോലിസ് പറഞ്ഞു. അരൂര്‍ തുമ്പോളി ക്ലബ് പരിസരത്ത് വെച്ച് പട്ടാപ്പകല്‍ അറസ്റ്റിലായ നാല് പ്രതികളും കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇരുമ്പ് വടി,കല്ല് എന്നിവ ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു.
സാരമായി പരിക്കേറ്റ വിജിലേഷിനെ കുറ്റിയാടി സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ തേടി. മുഖത്തെ എല്ല് പൊട്ടി സാരമായി പരിക്കേറ്റ വിജിലേഷ് വീട്ടില്‍ വിശ്രമത്തിലാണ്.

RELATED STORIES

Share it
Top