വാഗ്ദാനപ്പെരുമഴയുടെ ബജറ്റ്

എന്‍ പി ചെക്കുട്ടി

നാലു വര്‍ഷം കൊണ്ട് ഗ്രാമീണ ഇന്ത്യയുടെ നടുവൊടിച്ച സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. അതിനു കര്‍ഷകജനത തിരിച്ചടി നല്‍കാന്‍ തയ്യാറായതിന്റെ സൂചന ആദ്യമായി വന്നത് മോദിയുടെ സ്വന്തം തട്ടകമായ ഗുജറാത്തില്‍ നിന്നു തന്നെയാണ്. നഗരപ്രദേശങ്ങളില്‍ ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വാധീനം നിലനിര്‍ത്തിയെങ്കിലും ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ രാഷ്ട്രീയമായ തിരിച്ചടിയുടെ സന്ദേശമാണ് ലഭിച്ചത്. പിന്നാലെ മധ്യപ്രദേശില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും ഗ്രാമപ്രദേശങ്ങളില്‍ പാര്‍ട്ടിയുടെ സ്വാധീനം നഷ്ടപ്പെടുകയാണെന്ന സന്ദേശമാണ് ബിജെപി നേതൃത്വത്തിനു ലഭിച്ചത്. ഒരുപക്ഷേ, കര്‍ഷക ഇന്ത്യയുടെ ഈ കടുത്ത അമര്‍ഷമായിരിക്കണം മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റില്‍ കര്‍ഷകരും ഗ്രാമീണ ദരിദ്രരും തൊഴില്‍രഹിതരും മുഖ്യ പരിഗണനയിലേക്കു വരാനിടയാക്കിയത്. ഇന്ത്യന്‍ മാധ്യമരംഗത്ത് ബജറ്റ് വിശകലനത്തില്‍ ഏറ്റവും തലയെടുപ്പുള്ള വ്യക്തിയായ എന്‍ഡിടിവിയുടെ പ്രണോയ് റോയ്, താന്‍ കണ്ട ബജറ്റുകളില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഏറ്റവും ശ്രമം നടത്തിയ ബജറ്റ് എന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ നാലാമത്തെ ബജറ്റിനെ വിശേഷിപ്പിച്ചത്. ഈ ബജറ്റില്‍ 'ആഹാ' എന്ന് അദ്ഭുതത്തോടെയോ ആഹ്ലാദത്തോടെയോ പറയാവുന്ന ചില മുഹൂര്‍ത്തങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതില്‍ മുഖ്യം 10 കോടി കുടുംബങ്ങള്‍ക്ക് ഗുരുതരമായ രോഗങ്ങളുടെ ചികില്‍സയ്ക്കായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വീതം അനുവദിക്കാനുള്ള തീരുമാനമാണ്. ഒരു കുടുംബത്തില്‍ ശരാശരി അഞ്ചംഗങ്ങള്‍ എന്നു കണക്കുകൂട്ടിയാല്‍ ഈ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കള്‍ 50 കോടി ജനങ്ങള്‍ വരും. ഇന്ത്യയിലെ ഇന്നത്തെ ജനസംഖ്യ 125 കോടിയോളമാണ്. അതായത്, ധനികരും ഇടത്തരക്കാരും അടങ്ങുന്ന വിഭാഗങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ രാജ്യത്തെ ജനങ്ങളില്‍ പകുതിയോളം പേര്‍ക്ക് ആനുകൂല്യം ലഭിക്കാനിടയുള്ള പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതിയാണ് ഇതെന്നു ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ലോകത്ത് വിപുലമായ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പെടുന്നതാണ് ചൈനയും അമേരിക്കയും മറ്റും. ചൈനയില്‍ പതിറ്റാണ്ടുകളായി വിപുലമായ ആരോഗ്യ സംരക്ഷണ പദ്ധതി നിലവിലുണ്ട്. അതിന്റെ ഫലമായി ആരോഗ്യവുമായി ബന്ധപ്പെട്ട മനുഷ്യ വികസന ഇന്‍ഡക്‌സുകളില്‍ ചൈന ഇന്ത്യയുടെ എത്രയോ മുന്നിലാണ്. ആരോഗ്യ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ഇന്ത്യയില്‍ അനുഭവപ്പെട്ടിരുന്നത് ഗ്രാമീണ മേഖലയിലായിരുന്നു. ഒന്നാമത്, ആവശ്യത്തിന് ഡോക്ടര്‍മാരോ പാരാമെഡിക്കല്‍ സംവിധാനങ്ങളോ സര്‍ക്കാര്‍ ആശുപത്രികളോ ഇല്ല. സാധാരണ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഗുരുതര രോഗങ്ങളുടെ ചികില്‍സയ്ക്ക് ആവശ്യമായ വന്‍തുക സംഭരിക്കാന്‍ സംവിധാനമോ ശേഷിയോ ഇല്ല. ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി 35,000 രൂപ വരെ മാത്രം ലഭ്യമായിരുന്ന സ്ഥലത്താണ് ഇപ്പോള്‍ സര്‍ക്കാര്‍ ഒരാള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കാന്‍ തയ്യാറാവുന്നത്. അതൊരു വന്‍ കുതിച്ചുചാട്ടം തന്നെയാണ് ഇന്ത്യയിലെ ആരോഗ്യ പരിരക്ഷാരംഗത്ത് ഉണ്ടാക്കുക എന്ന കാര്യത്തില്‍ വിദഗ്ധന്മാര്‍ പൊതുവില്‍ യോജിക്കുന്നതായാണ് കാണുന്നത്. കാരണം, ഹൃദ്രോഗവും വൃക്കരോഗവും കാന്‍സറും പോലുള്ള മാരകരോഗങ്ങള്‍ക്ക് ശസ്ത്രക്രിയ അടക്കമുള്ള ചെലവുകള്‍ക്കു മതിയായ തുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോള്‍ രോഗക്കിടക്കയിലുള്ള ലക്ഷക്കണക്കിനു രോഗികള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. അതുണ്ടാക്കാന്‍ പോവുന്ന സാമൂഹികമാറ്റം തങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ സഹായകമാവുമെന്ന് ധനമന്ത്രിയും പ്രധാനമന്ത്രിയും പ്രതീക്ഷിക്കുന്നു. അത്തരമൊരു പ്രതീക്ഷ അസ്ഥാനത്താണ് എന്നു പറഞ്ഞുകൂടാ. ബജറ്റ് കര്‍ഷകനെ ലക്ഷ്യമിട്ടുള്ള ശക്തമായ നീക്കം തന്നെയാണെന്ന് ബജറ്റിനുശേഷം നരേന്ദ്രമോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമേകുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞവര്‍ഷം കാര്‍ഷിക മേഖലയില്‍ വായ്പ ലഭ്യമാവുന്നതിനു 10 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചിരുന്നത്. ഇത്തവണ അത് 11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. കാര്‍ഷിക മേഖലയില്‍ സമീപകാലത്തുണ്ടായ ഗുരുതരമായ പ്രതിസന്ധിയും അതിന്റെ ഭാഗമായി മഹാരാഷ്ട്രയിലും മറ്റു സംസ്ഥാനങ്ങളിലും വ്യാപിച്ച കര്‍ഷക പ്രക്ഷോഭവും കേന്ദ്ര സര്‍ക്കാരിന്റെ കണ്ണുതുറപ്പിച്ചതായി തന്നെ ചിന്തിക്കണം. കാരണം, കാര്‍ഷിക മേഖലയിലെ മുഖ്യപ്രശ്‌നമായ ഉല്‍പന്നങ്ങളുടെ കമ്പോളസൗകര്യങ്ങള്‍, മിനിമം താങ്ങുവില തുടങ്ങിയ രംഗങ്ങളില്‍ പ്രോല്‍സാഹനജനകമായ നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നടത്തിയിരിക്കുന്നു. ഉല്‍പന്നത്തിന്റെ താങ്ങുവില ഉല്‍പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയെങ്കിലുമായി നിജപ്പെടുത്തുമെന്ന പ്രഖ്യാപനം അത്തരത്തിലുള്ള ഒന്നാണ്. കമ്പോളത്തിലെ വിലയുടെ ഏറ്റക്കുറച്ചിലില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുകയുണ്ടായി. വിളവ് വര്‍ധിച്ചാല്‍ കമ്പോളത്തില്‍ വില കുറയുന്ന പ്രവണത സ്വാഭാവികം. അങ്ങനെ വരുമ്പോള്‍ ന്യായമായ താങ്ങുവില ലഭ്യമാവുന്നില്ലെങ്കില്‍ കര്‍ഷകര്‍ തക്കാളി നടുറോഡില്‍ ചൊരിഞ്ഞുകളയാനും പാല്‍ തെരുവോരത്ത് ഒഴുക്കിക്കളയാനും തയ്യാറാവേണ്ട അവസ്ഥ വന്നുചേരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ കര്‍ണാടകയിലെ മാണ്ഡ്യ അടക്കമുള്ള പ്രദേശങ്ങളില്‍ അത്തരം പ്രതിഭാസങ്ങള്‍ കാണപ്പെടുകയുണ്ടായി. ഉല്‍പാദനച്ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവില നിശ്ചയിക്കുമ്പോള്‍ കര്‍ഷകന് കാര്യമായ ലാഭം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവനൊടുക്കാനായി കയര്‍ അന്വേഷിക്കേണ്ട ഗതികേട് ഒഴിവാക്കാന്‍ കഴിഞ്ഞേക്കും. പ്രതിരോധ മേഖലയില്‍ വന്‍ നിക്ഷേപമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 25,000 കോടി ഡോളറിന്റെ കൂറ്റന്‍ ആധുനികവല്‍ക്കരണമാണ് സൈനികരംഗത്ത് ഇന്ത്യ ലക്ഷ്യമിടുന്നത്. ചൈനയും സമീപകാലത്ത് സൈനിക മേഖലയില്‍ വലിയതോതിലുള്ള നിക്ഷേപം നടത്തുകയുണ്ടായി. വളര്‍ന്നുവരുന്ന മുഖ്യ സാമ്പത്തികശക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ ശക്തിയും സ്വാധീനവും ശക്തമായി പ്രസരിപ്പിക്കുന്നതിനാണ് ചൈനയും ഇന്ത്യയും ലക്ഷ്യമിടുന്നത്. ഇത് ഒരുപക്ഷേ, പുതിയ ഒരു ആയുധപ്പന്തയത്തിന്റെ സൂചനയായി കണക്കാക്കാവുന്നതാണ്. വിമാനങ്ങളും തോക്കുകളും മറ്റ് ആയുധങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ ഇസ്രായേലിലും ഫ്രാന്‍സിലും അമേരിക്കയിലും ബ്രിട്ടനിലും ഒക്കെയാണ് സ്ഥിതിചെയ്യുന്നത്. വന്‍ ലാഭമുള്ള ഇന്ത്യന്‍ ആയുധക്കമ്പോളത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിന് ഏതറ്റം വരെയും പോവാന്‍ കമ്പനികളും അവരുടെ സര്‍ക്കാരുകളും തയ്യാറാവും. വിവരസാങ്കേതികവിദ്യ ഭരണരംഗത്തും സാമൂഹിക-സാമ്പത്തിക മേഖലകളിലും പ്രയോജനപ്പെടുത്താനുള്ള പദ്ധതികള്‍ സ്വാഗതാര്‍ഹമാണ്. ദശലക്ഷക്കണക്കിനു ഗ്രാമീണര്‍ക്ക് സൗജന്യമായ വൈഫൈ ലഭ്യമാവുന്നതും തീവണ്ടികളില്‍ വൈഫൈ മാത്രമല്ല, സിസിടിവി കാമറ വരുന്നതും വളരെ നല്ലതാണ്. പക്ഷേ, ഇത്തരം പദ്ധതികള്‍ എത്രത്തോളം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുമെന്ന ചോദ്യം അവശേഷിക്കുന്നു. പത്തുകോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പഴയ പ്രഖ്യാപനത്തിന്റെ അവസ്ഥ ഓര്‍ക്കുക. കര്‍ഷകരുടെ വരുമാനം അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കുമെന്ന വാഗ്ദാനം ഓര്‍ക്കുക. അതെല്ലാം വെള്ളത്തില്‍ എഴുതിയ രേഖ പോലെ മാഞ്ഞുപോയി. പക്ഷേ, സാധാരണ ജനങ്ങള്‍ അതു മറന്നില്ല എന്നതിന്റെ തെളിവ് ബജറ്റ് അവതരണവേളയില്‍ തന്നെ ലഭ്യമായി. അരുണ്‍ ജെയ്റ്റ്‌ലി വന്‍ വാഗ്ദാനങ്ങള്‍ വാരിവിതറുന്ന അതേ അവസരത്തില്‍ തന്നെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും അവരെ തോല്‍പിച്ചു കോണ്‍ഗ്രസ് വിജയം കരസ്ഥമാക്കിയത്.                              ി

RELATED STORIES

Share it
Top