വാഗ്ദാനം പൂര്‍ത്തീകരിക്കാത്ത സര്‍ക്കാര്‍

മോദിയുടെ വിമര്‍ശനത്തിനു പിന്നില്‍- 2  പ്രേം ശങ്കര്‍ ഝാ
ഇപ്പോള്‍ വടക്കന്‍ ബിഹാര്‍ എന്നറിയപ്പെടുന്ന ലിഖാവി ഭരണകൂടത്തിന് ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു നിയമമുണ്ടായിരുന്നു. എന്നാല്‍, ഭരണാധികാരിയെയും ഒമ്പതംഗ കൗണ്‍സിലിനെയും തിരഞ്ഞെടുക്കാനുള്ള അധികാരം ഏഴായിരത്തോളം കുടുംബനാഥന്മാരായ പുരുഷ ക്ഷത്രിയന്മാര്‍ക്കു മാത്രമായിരുന്നു. വൈശാലിയില്‍ നിന്ന് ഭരണം നടത്തുന്ന 'ഗണരാജ' എന്ന ഒമ്പതംഗ കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നത് ഈ ഏഴായിരത്തോളം 'വോട്ടര്‍'മാരായിരുന്നു. 1832ലെ പരിഷ്‌കരണ നിയമത്തിനു മുമ്പ് ഇംഗ്ലണ്ടിലുണ്ടായിരുന്ന ജനാധിപത്യ വ്യവസ്ഥയില്‍ നിന്ന് രൂപംകൊണ്ട ഏകദേശ ഘടനയിലുള്ളതായിരുന്നു ഈ ജനാധിപത്യം. സ്വത്തുടമകളായിരുന്ന ഏതാനും ആയിരങ്ങള്‍ക്കായിരുന്നു അന്ന് ഇംഗ്ലണ്ടില്‍ വോട്ട് ചെയ്യാന്‍ അധികാരമുണ്ടായിരുന്നത്.
ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കാന്‍ 'വൈശാലി'യെ ഉപയോഗിച്ചതിലൂടെ മോദിയുടെ ഉദ്ദേശ്യമെന്താണെന്ന് തിരിച്ചറിയാന്‍ ഏറെ പ്രയാസമാണ്. ഉന്നത സവര്‍ണജാതി വിഭാഗത്തിലെ പുരുഷന്‍മാര്‍ക്കു മാത്രം വോട്ടവകാശം നിക്ഷിപ്തമാക്കിക്കൊണ്ടുള്ള ഒരു ഭരണസമ്പ്രദായമാണ് ഇന്ത്യക്കു വേണ്ടിയിരുന്നത് എന്നാണോ മോദി ഉദ്ദേശിച്ചത്? അല്ലെങ്കില്‍, തന്റെ വീമ്പുപറച്ചിലുകളെല്ലാം സാമാന്യജനങ്ങള്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങുമെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിന് മറ്റൊരു ഉദാഹരണമാണോ ഇത്?
മോദിക്ക് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. 1909ലെ മോര്‍ലി-മിന്റോ പരിഷ്‌കരണത്തിലൂടെയാണ് ലിഖാവി ജനാധിപത്യം ഇന്ത്യയില്‍ നടപ്പാക്കിയത്. സാര്‍വത്രിക വോട്ടവകാശം ഉള്‍പ്പെടുത്തി ഈ വ്യവസ്ഥയെ ആധുനിക ജനാധിപത്യ വ്യവസ്ഥയാക്കി പരിഷ്‌കരിക്കുകയാണ് നെഹ്‌റുവും കോണ്‍ഗ്രസും ചെയ്തത്. ഭരണഘടനയില്‍ വിവിധ മതവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ സമുദായങ്ങള്‍ക്കും അവരുടെ തനതായ നിയമങ്ങള്‍ നിലനിര്‍ത്താനും അവരുടെ അവകാശങ്ങള്‍ നിര്‍ണയിക്കാനുമുള്ള അവസരം നല്‍കാന്‍ ഈ മാറ്റങ്ങള്‍ വഴി സാധിച്ചു എന്നതാണ് നെഹ്‌റുവിനും കോണ്‍ഗ്രസ്സിനുമുണ്ടായ നേട്ടം. വിവാഹമോചന നിയമവും വ്യക്തിനിയമവും മാറ്റുന്നതിനെക്കുറിച്ച് സംവാദത്തിനു തയ്യാറാവുന്ന ഒരു മുസ്‌ലിം സമുദായം ഇന്ത്യയില്‍ ഉണ്ടായത് കോണ്‍ഗ്രസ്സിന്റെ ഈ രാഷ്ട്രീയനയം കൊണ്ടുതന്നെയാണ്. ഇത്തരം വിഷയങ്ങളില്‍ മതപുരോഹിതന്മാരില്‍ നിന്ന് പെട്ടെന്നുള്ള പ്രകോപനം ഉണ്ടാവാത്തതിനും ഇതാണു കാരണം.
അടിയന്തരാവസ്ഥയെക്കുറിച്ചുള്ള മോദിയുടെ ആരോപണവും മര്യാദയില്ലാത്തതാണ്. അടിയന്തരാവസ്ഥ ജനാധിപത്യത്തിനേറ്റ കനത്ത അടിയാണെന്നും അത് ജനാധിപത്യത്തെ കൊലചെയ്യുമെന്നുമുള്ള കാര്യം നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല. രാജ്യം അരാജകത്വത്തിന് അടിപ്പെട്ടപ്പോള്‍ അത് തടുക്കാന്‍ വേണ്ടി ഒരു താല്‍ക്കാലിക നടപടിയായാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന കാര്യവും ആരും നിഷേധിക്കില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ പരാജയം മുന്നില്‍ക്കണ്ടിട്ടുപോലും 21 മാസത്തിനുള്ളില്‍ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചത് അതിന്റെ തെളിവാണ്.
ധാരാളം പദ്ധതികള്‍ തുടങ്ങിവച്ച കോണ്‍ഗ്രസ് അവയെല്ലാം പാതിവഴിയില്‍ കൈവിട്ടു എന്നതാണ് മോദിയുടെ മറ്റൊരു ആരോപണം. ഇതു തെറ്റാണെന്ന് മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത തകര്‍ന്നതിലുള്ള നിരാശയുമാണ്. ഉപേക്ഷിച്ച പദ്ധതികള്‍ തുടങ്ങിയത് സര്‍ക്കാരല്ല, സ്വകാര്യ സ്ഥാപനങ്ങളാണ് എന്നതാണ് ആദ്യത്തെ കാര്യം. സര്‍ക്കാരിന് സ്ഥലം ലഭ്യമാക്കാനും പശ്ചാത്തലസൗകര്യങ്ങള്‍ ഒരുക്കാനും ഇന്ധനങ്ങള്‍ നല്‍കാനും സാധിക്കാത്തതാണ് മിക്ക പദ്ധതികളും ഒഴിവാക്കാന്‍ കാരണം. മറ്റുള്ളവ നശിച്ചുപോയത് സ്ഥാപനങ്ങള്‍ക്കു വായ്പ അനുവദിച്ച വാണിജ്യ ബാങ്കുകളിന്‍മേല്‍ ഇന്ത്യന്‍ റിസര്‍വ് ബാങ്ക് അടിച്ചേല്‍പ്പിച്ച ഉയര്‍ന്ന പലിശനിരക്കുകള്‍ കൊണ്ടാണ്.
മോദിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായ അപചയത്തെക്കുറിച്ച് നയതന്ത്രജ്ഞര്‍ മൗനമവലംബിക്കുന്നത് എന്തുകൊണ്ട്? ഈ പ്രശ്‌നം തുടങ്ങിയത് രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. എന്നാല്‍, കഴിഞ്ഞ നാലു വര്‍ഷമായി ബിജെപിയാണ് അധികാരത്തിലുള്ളത്. ഈ അപചയങ്ങള്‍ പരിഹരിക്കുന്നതില്‍ മോദിസര്‍ക്കാരിനെ തടയുന്നതെന്താണ്? രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി അഴിമതിപ്പണം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചോദ്യവും ഇതുതന്നെയാണ്. റഫേല്‍ ഇടപാടുകള്‍ തിരക്കിട്ട് പുതുക്കിയതിനെയും അതില്‍ ഉള്‍പ്പെട്ട വന്‍സംഖ്യകളെക്കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയരുന്നത് എന്തുകൊണ്ടാണ്? തിരഞ്ഞെടുപ്പു പ്രചാരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചുകൊണ്ട് രാഷ്ട്രീയകക്ഷികളും അഴിമതിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയാണ് അഴിമതി തടയാനുള്ള മാര്‍ഗം. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ ബിജെപി അംഗങ്ങള്‍ ഇതിനുവേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നു.
അധികാരത്തിലിരുന്ന നാലു വര്‍ഷം മോദി ഇക്കാര്യത്തില്‍ ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസ്സിനും ഗാന്ധി കുടുംബത്തിനുമെതിരേയുള്ള മോദിയുടെ മര്യാദകെട്ട ആക്രമണവും കഴിഞ്ഞകാലത്തെക്കുറിച്ച ആവര്‍ത്തിച്ചുള്ള ആരോപണവും കഴിഞ്ഞ നാലു വര്‍ഷം ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കാന്‍ കഴിയാത്തതിലുള്ള നിരാശയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. സാമ്പത്തികരംഗത്തെ ഓരോ വിഭാഗത്തിലും വളര്‍ച്ച സാവധാനത്തിലാവുകയോ അപ്രത്യക്ഷമാവുകയോ ചെയ്തിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പ് മോദി വാഗ്ദാനം ചെയ്ത കാര്യങ്ങളൊന്നും നടന്നിട്ടില്ല. സാമ്പത്തിക വളര്‍ച്ചയും തൊഴില്‍ സാധ്യതയും 2014ല്‍ നിന്നും താഴെയെത്തിയിരിക്കുകയാണ്. 2015ല്‍ അപ്രത്യക്ഷമായ നാണയപ്പെരുപ്പം പ്രയോജനപ്പെടുത്തി അടിസ്ഥാനസൗകര്യ വികസനവും വ്യവസായ വളര്‍ച്ചയും നേടിയെടുക്കാനായിട്ടുമില്ല.
ഇന്ന് മോദിയുടെ ശാന്തത നഷ്ടപ്പെട്ടിരിക്കുന്നു. കാരണം, അദ്ദേഹം ചുവരെഴുത്ത് കാണാന്‍ തുടങ്ങിയിട്ടുണ്ട്. ഭരണത്തിനെതിരേ ഗുജറാത്ത് നല്‍കിയ സൂചന ബിജെപിയെ തളര്‍ത്തിയിരിക്കുന്നു. രാജസ്ഥാനിലെ മൂന്ന് ഉപതിരഞ്ഞെടുപ്പിലും സംഭവിച്ച പരാജയം മറ്റു സ്ഥലങ്ങളിലെന്നപോലെ അവിടെയും കാറ്റ് മാറിവീശുന്നതിന്റെ സൂചനയാണ്. സഖ്യകക്ഷികളായ ശിവസേനയും തെലുഗുദേശവും ബന്ധം വേര്‍പെടുത്തി. തന്റെ പ്രഭാവം മങ്ങിവരുകയാണെന്ന് മോദിക്കറിയാം. അതിനാല്‍ ഒക്ടോബറിലെ തിരഞ്ഞെടുപ്പ് ഒരു സ്പഷ്ടമായ സാധ്യതയാണ്.                         ി

(അവസാനിച്ചു.)

RELATED STORIES

Share it
Top