വാഗ്ദാനം ജലരേഖയാക്കി ജലനിധി അധികൃതര്‍

മാള: 24 മണിക്കൂറും കുറഞ്ഞ വിലയ്ക്ക് വെള്ളം നല്‍കാമെന്ന വാഗ്ദാനം വെള്ളത്തിലെഴുതിയ വാക്കുകള്‍ പോലെ ജലരേഖയാക്കി മാറ്റി ജലനിധി അധികൃതര്‍. 365 ദിവസവും 24 മണിക്കൂറും സമൃദ്ധമായി ജലമെന്ന വാഗ്ദാനമാണ് പദ്ധതി നടപ്പാക്കി ഒരു വര്‍ഷമാവുമ്പോഴും അതിന്റെ ഏഴയലത്ത് പോലും എത്താതിരിക്കുന്നത്. നിലവില്‍ ചിലേടങ്ങളില്‍ നാല് ദിവസം കൂടുമ്പോള്‍ നൂലുപോലെയാണ് വെള്ളമെത്തുന്നത്. അതും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം.
മുപ്പതിനായിരം ഉപഭോക്താക്കളെയാണ് ജലനിധി പദ്ധതി ബാധിക്കുന്നത്. ആയിരം ലിറ്റര്‍ വെള്ളം വാട്ടര്‍ അതോറിറ്റിയില്‍ നിന്നും 6 രൂപയ്ക്ക് വാങ്ങിയാണ് 10 മുതല്‍ 250 രൂപ വരെ വിലയ്ക്കാണ് ജലനിധി നല്‍കുന്നത്. ജലനിധി ചൂഷണത്തിനെതിരേ വലിയ തോതിലുള്ള പ്രതിഷേധം ഉയരുന്നു. കുറഞ്ഞ നിരക്കില്‍ വെള്ളം ലഭ്യമാക്കണമെന്നും ജലനിധി പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം ഉയരുന്നത്. പൊയ്യ, കൂഴൂര്‍, മാള, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടി ഗ്രാമപ്പഞ്ചായത്ത് പദ്ധതി ജലനിധി നടപ്പാക്കുന്നത്. മുപ്പതിനായിരത്തോളം വാട്ടര്‍ കണക്്ഷനുകളാണ് ഈ പദ്ധതിയില്‍ വരുന്നത്. ഏകദേശം 82 കോടിയില്‍പരം രൂപ ചെലവു ചെയ്താണ് ആറ് പഞ്ചായത്തുകളില്‍ ഈ നടപ്പാക്കുന്നത്.
ജലനിധി പദ്ധതിയുടെ നടത്തിപ്പിനായി ഒരോ പഞ്ചായത്തിലും സ്‌കിം ലെവല്‍ കമ്മറ്റികള്‍ രൂപീകരിച്ച് ചാരിറ്റബിള്‍ ആക്ട് പ്രകാരം ജില്ലാ റജിസ്ടാര്‍ ഓഫിസില്‍ റജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ഈ കമ്മിറ്റികളാണ് വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വെള്ളം വിലയ്ക്ക് വാങ്ങി വിതരണം നടത്തുന്നതും വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതും. കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത് കുറഞ്ഞ വിലയ്‌ക്കോ വാട്ടര്‍ അതോറിറ്റിയുടെ നിരക്കിനോ 24 മണിക്കൂറും വെള്ളം നല്‍കാമെന്ന വാഗ്ദാനത്തിലാണ് ഉപഭോക്താക്കളെ ഈ പദ്ധതിയില്‍ സ്‌കിം ലെവല്‍ ഭാരവാഹികള്‍ ചേര്‍ത്തത്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ കാറ്റി പറത്തികൊണ്ട് ഭീമമായ വെള്ളക്കരമാണ് ഈടാക്കുന്നത്.
വാട്ടര്‍ അതോറിറ്റി അയ്യായിരം ലിറ്റര്‍ വെള്ളത്തിന് 22 രൂപ ഈടാക്കുമ്പോള്‍ ജലനിധി പദ്ധതിയില്‍ 70 രൂപയാണ്. പിന്നീട് വരുന്ന ഒരോ ആയിരം ലിറ്ററിനും ഭീമമായ സ്ലാബ് സിസ്റ്റമാണ് നിശ്ചയിച്ചിരിക്കുന്നത്.  ഒരു മാസം വെള്ളക്കരം അടയ്ക്കാന്‍ വൈകിയാല്‍ രണ്ട് ശതമാനം പിഴപലിശ വാട്ടര്‍ അതോറിറ്റി ഈടാക്കുമ്പോള്‍ ജലനിധിക്കാര്‍ 25 ശതമാനമാണ് പിഴപ്പലിശ ഇടാക്കുന്നത്. ഗാര്‍ഹികേതര കണക്ഷനുകള്‍ക്ക് പതിനഞ്ചായിരം ലിറ്റര്‍ വെള്ളം വരെ 225 രൂപയും തുടര്‍ന്ന് വരുന്ന ഒരോ ആയിരം ലിറ്ററിന് 21 രൂപ പ്രകാരവുമാണ് വാട്ടര്‍ അതോറിറ്റി വെള്ളക്കരം ഈടാക്കുന്നത്.
എന്നാ ജലനിധി പദ്ധതിയില്‍ പതിനായിരം ലിറ്റര്‍ വരെ നൂറ്റിയന്‍മ്പതും തുടര്‍ന്ന് 15000 ലിറ്റവരെ ഒരോ ആയിരം ലിറ്ററിന് 25 വീതവും 15000 മുതല്‍ 20000 ലീറ്റര്‍ വരെ ഒരോ ആയിരത്തിനും 50 രൂപവീതവും 20000 ലിറ്ററിനു ശേഷം വരുന്ന ഒരോ ആയിരം ലിറ്ററിന് 250 രൂപ വീതവുമാണ് വെള്ളക്കരം.  ഈ നിരക്കില്‍ വെള്ളം ഉപയോഗിക്കുന്ന ഗാര്‍ഹികേതര ഉപഭോക്താവ് മുപ്പതിനായിരം ലിറ്റര്‍ വെള്ളത്തിന് 3275 രൂപ വെള്ളക്കരം അടക്കേണ്ടതായി വരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും 640 രൂപയ്ക്കായിരുന്നു ഇത്രയും വെള്ളം ലഭിച്ചിരുന്നത്. ജലനിധി പദ്ധതിക്കായി ഉപയോഗിച്ചിരിക്കുന്ന പൈപ്പുകളും മറ്റു സാമഗ്രികളും വേണ്ടെത്ര ഗുണനിലവാരം ഇല്ലാത്തതാണെന്ന് പരക്കെ ആക്ഷേപമുണ്ട്. പലയിടങ്ങളിലും തുടര്‍ച്ചയായി പൈപ്പുകള്‍ പൊട്ടുന്നത് ഇതുമൂലമാണെന്ന് നാട്ടുകാര്‍ ചൂണ്ടികാണിക്കുന്നു. സ്‌കിം ലെവല്‍ കമ്മറ്റിയുടെ ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണം പൂര്‍ണ്ണമായും നടത്താത്തതിനാല്‍ പണം അടയ്ക്കുന്നവരെയും അല്ലാത്തവരെയും വേഗത്തില്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. ഇതുമൂലം കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അഴിമതിയ്ക്ക് വഴിയാരുക്കും. സ്‌പോട്ട് ബില്ലിനോടൊപ്പം സ്‌പോട്ട് കളക്ഷന്‍ കൂടി എടുക്കണമെന്നത് ഉപഭോക്താക്കളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ്.
സ്‌കിം ലെവല്‍ കമ്മറ്റിയുടെ ഭരണ അധികാരങ്ങളില്‍ ഒന്നാണ് അതാതു കാലങ്ങളില്‍ വെള്ളക്കരം നിശ്ചയിക്കാനും അത് പുനര്‍ ക്രമികരിക്കാനുള്ള അധികാരം. മാള മേഖല ശുദ്ധജല സംക്ഷണ സമിതിയുടെ നേത്യത്വത്തിന്‍ പഞ്ചായത്ത് ഭരണസമിതികള്‍ക്കും സ്‌കിം ലെവന്‍ കമ്മറ്റികള്‍ക്കും വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. വെള്ളക്കരം കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഈ വിഷയം അടുത്ത നിയമസഭയില്‍ അവതരിപ്പിക്കുമെന്നും വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു.

RELATED STORIES

Share it
Top