വാഗ്ദാനം ചെയ്ത ജോലിയില്ല; സോഷ്യല്‍ ഫോറം ഇടപെടലില്‍ റജീഷ് നാട്ടിലേക്ക് മടങ്ങിദമ്മാം: വിസ ഏജന്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ വഞ്ചിതനായ മകാസര്‍കോട് സ്വദേശി റജീഷ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ നാട്ടിലേക്ക് മടങ്ങി. ഒരു മാസം മുമ്പാണ് ഇയാള്‍ സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ ജോലിക്കായി ഖത്വീഫിലെത്തിയത്. എന്നാല്‍ ഇവിടെ വന്നതിനു ശേഷമാണ് ഹൗസ് ഡ്രൈവര്‍ വിസയാണെന്ന് മനസ്സിലാവുന്നത്. ജോലിക്ക് കയറിയ വീട്ടിലാണെങ്കില്‍ കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയും ചെയ്തു. നാട്ടില്‍ വച്ചു പറഞ്ഞ ശമ്പളവും താമസസൗകര്യവും നല്‍കിയതുമില്ല. ഈയിടെ സഹോദരിയുടെ വിവാഹത്തിന് ഉണ്ടായ വന്‍ സാമ്പത്തിക ബാധ്യതയ്‌ക്കൊപ്പമാണ് പിതാവ് അര്‍ബുദം ബാധിച്ച് മരണപ്പെടുന്നത്. ഇതോടെ കൂനിന്മേല്‍ കുരുവെന്ന പോലെ പിതാവിന്റെ കടങ്ങള്‍ കൂടി ഈ യുവാവിന്റെ ചുമലിലായി. സാമ്പത്തിക ബാധ്യതകള്‍ കൊടുത്തു വീട്ടുന്നതിന് നല്ലൊരു ജോലി സ്വപ്‌നം കണ്ടാണ് ഒരു മലയാളി ഏജന്റ് നല്‍കിയ വിസയില്‍ സൗദിയിലെത്തുന്നത്. ഏറെ മാനസിക സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജോലിയില്‍ തുടരാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ റജീഷ് തന്നെ നാട്ടിലയക്കണമെന്ന് സ്‌പോണ്‍സറോട് അഭ്യര്‍ഥിച്ചു. എന്നാല്‍ 5,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന നിലപാടിലായിരുന്നു തൊഴിലുടമ. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന റജീഷിന് ഇത്രയും തുക ആലോചിക്കാനേ കഴിയുമായിരുന്നില്ല. ഇതോടെ മാനസികമായി തളര്‍ന്ന യുവാവ് സോഷ്യല്‍ ഫോറം ഖത്വീഫ് ഘടകം നേതൃത്വവുമായി ബന്ധപ്പെട്ട് സഹായം തേടി. ഫോറം ബ്ലോക്ക് പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ഷാഫി വെട്ടം സ്‌പോണ്‍സറുമായി സംസാരിച്ച് റജീഷിന്റെ നിസ്സഹായത ബോധ്യപ്പെടുത്തിയതോടെ നിരുപാധികം നാട്ടിലയക്കാമെന്ന് സമ്മതിക്കുകയായിരുന്നു. സോഷ്യല്‍ ഫോറം ഖത്വീഫ് വിമാന ടിക്കറ്റും പാരിതോഷികങ്ങളും നല്‍കിയാണ് യാത്രയാക്കിയത്. ഫോറം ജോയിന്റ് സെക്രട്ടറി അന്‍സാര്‍ തിരുവനന്തപുരം, സാദത്ത് തിരൂര്‍, റാഫി വയനാട്, റഈസ് കടവില്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top