വാഗമണ്‍ സിമി ക്യാംപ്: മലയാളികള്‍ ഉള്‍പ്പെടെ 18 പേര്‍ കുറ്റക്കാര്‍

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ നാലു മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി കുറ്റക്കാരെന്നു കണ്ടെത്തി. ഇവര്‍ക്കെതിരേയുള്ള ശിക്ഷ ഇന്നു വിധിക്കും. തെളിവുകളുടെ അഭാവത്തില്‍ 17 പേരെ കോടതി വെറുതെവിട്ടു. ഒന്നാംപ്രതി ഈരാറ്റുപേട്ട പീടിയക്കല്‍ ഷാദുലി, നാലാംപ്രതി ഈരാറ്റുപേട്ട പീടിയക്കല്‍ ഷിബിലി, അഞ്ചാംപ്രതി കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ മുഹമ്മദ് അന്‍സാര്‍ പി എ (അന്‍സാര്‍ നദ്‌വി), ആറാംപ്രതി കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ അബ്ദുല്‍ സത്താര്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മലയാളികള്‍.
ഇതിനു പുറമെ  മധ്യപ്രദേശ് ഉജ്ജയ്‌നില്‍ നിന്നുള്ള സഫ്ദര്‍ ഹുസയ്ന്‍ നഗോറി, ആമില്‍ പര്‍വേസ് (സിക്കന്ദര്‍), കമറുദ്ദീന്‍ നഗോറി, കര്‍ണാടകക്കാരായ ഹഫീസ് ഹുസയ്ന്‍, മുഹമ്മദ് സമി ബഗേവാദി, നദീം സയീദ്, ഷക്കീല്‍ അഹ്മദ്, ഡോ. മിര്‍സ അഹ്മദ് ബേഗ്, ഡോ. അസദുല്ല എച്ച് എ എന്ന അസ്‌ലം, ഉത്തര്‍പ്രദേശിലെ മുഫ്തി അബ്ദുല്‍ ബഷീര്‍, ജാര്‍ഖണ്ഡിലെ ഡാനിഷ്, മന്‍സാര്‍ ഇമാം, മുഹമ്മദ് അബൂ ഫൈസല്‍ഖാന്‍, ഗുജറാത്തിലെ ആലം ജേബ് അഫ്രീദി എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.
യുഎപിഎ നിയമപ്രകാരമുള്ള നിരോധിത സംഘടനയില്‍ അംഗമാവല്‍, ഭീകരസംഘടനയില്‍ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളും സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റവും പ്രതികള്‍ക്കെതിരേ കോടതി കണ്ടെത്തി. അതേസമയം, പ്രതികള്‍ക്കെതിരേ പ്രധാന കുറ്റങ്ങളായി ചുമത്തിയിരുന്ന രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ ശേഖരിക്കല്‍ എന്നിവതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
കേസിലെ രണ്ടു പ്രതികളായ അബ്ദുല്‍ സത്താര്‍, മുഹമ്മദ് ആസിഫ് എന്നിവരെ മാത്രമാണ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ നേരിട്ടു ഹാജരാക്കിയത്. മറ്റു പ്രതികളില്‍ 11 പേര്‍ ഭോപാല്‍ ജയിലിലും 21 പേര്‍ അഹ്മദാബാദ് ജയിലിലും ഒരാള്‍ ബാംഗ്ലൂര്‍ ജയിലിലുമാണുള്ളത്. കേരളത്തില്‍ എന്‍ഐഎ അന്വേഷിച്ച കേസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണ നടത്തിയ ആദ്യ കേസാണിത്.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണില്‍ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കേസിലെ 13ാം പ്രതി മുഹമ്മദ് ആസിഫിനു മാത്രമേ ഇന്നു ജയില്‍മോചിതനാവാന്‍ കഴിയൂ. മറ്റുള്ളവര്‍ മറ്റു കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരാണ്.

RELATED STORIES

Share it
Top