വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതികള്‍ക്ക് ഏഴു വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് ശിക്ഷ വിധിച്ചത്.
മലയാളികളായ ഈരാറ്റുപേട്ട പീടിയക്കല്‍ ഷാദുലി, പീടിയക്കല്‍ ഷിബിലി, കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ മുഹമ്മദ് അന്‍സാര്‍ പി എ (അന്‍സാര്‍ നദ്‌വി), അബ്ദുല്‍ സത്താര്‍ എന്നിവര്‍ക്കു പുറമെ ബാംഗ്ലൂര്‍ അണ്ണാസാന്ദ്രപാളയ സ്വദേശി ഹഫീസ് ഹുസയ്ന്‍, മധ്യപ്രദേശ് ഉജ്ജയ്‌നില്‍ നിന്നുള്ള സഫ്ദര്‍ ഹുസയ്ന്‍ നഗോറി, ആമില്‍ പര്‍വേസ് (സിക്കന്ദര്‍), കമറുദ്ദീന്‍ നഗോറി, കര്‍ണാടക ബിജാപൂര്‍ മുഹമ്മദ് സമി ബഗേവാദി, കര്‍ണാടകയിലെ ബല്‍ഗാം സ്വദേശി നദീം സയീദ്, ദര്‍വാഡ് സ്വദേശി ഷക്കീല്‍ അഹ്മദ്, ബിദാര്‍ സ്വദേശി ഡോ. മിര്‍സ അഹ്മദ് ബേഗ്, ബെല്ലാരി സ്വദേശി ഡോ. അസദുല്ല എച്ച് എ എന്ന അസ്‌ലം, ഉത്തര്‍പ്രദേശ് അഅ്‌സംഗഡില്‍ നിന്നുള്ള മുഫ്തി അബ്ദുല്‍ ബഷീര്‍, ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശികളായ ഡാനിഷ്, മന്‍സാര്‍ ഇമാം, ജംഷഡ്പൂര്‍ സ്വദേശി മുഹമ്മദ് അബൂ ഫൈസല്‍ഖാന്‍, ഗുജറാത്ത് അഹ്മദാബാദിലെ ആലം ജേബ് അഫ്രീദി എന്നിവരെയാണ് എന്‍ഐഎ പ്രത്യേക കോടതി ശിക്ഷിച്ചത്.
ഭീകരസംഘടനയില്‍ അംഗത്വം, നിരോധിത സംഘടനയില്‍ അംഗത്വം, സ്‌ഫോടകവസ്തു നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പിഴയും തടവും. വിവിധ വകുപ്പുകളുടെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാവും. ജയിലില്‍ കഴിഞ്ഞ കാലാവധിയില്‍ ശിക്ഷായിളവ് അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ലഭിക്കേണ്ട പരമാവധി ശിക്ഷാ കാലാവധിയായ ഏഴു വര്‍ഷത്തില്‍ കൂടുതല്‍ തടവ് പലരും അനുഭവിച്ചുകഴിഞ്ഞു. എന്നാല്‍, മറ്റു കേസുകളില്‍ റിമാന്‍ഡിലായതിനാല്‍ ഇവര്‍ ജയില്‍മോചിതരാവില്ല. കേസിലെ ആറാം പ്രതിയായ അബ്ദുല്‍ സത്താറിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കും. മറ്റുള്ളവര്‍ ഇപ്പോള്‍ കഴിയുന്ന ഭോപാല്‍, സബര്‍മതി, ബാംഗ്ലൂര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിക്കണം.
2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണില്‍ സിമിയുടെ നേതൃത്വത്തില്‍ ആയുധപരിശീലനം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്‍ഐഎക്കു വേണ്ടി അഭിഭാഷകരായ കെ എന്‍ രവീന്ദ്രന്‍, അര്‍ജുന്‍ അമ്പലപ്പാട്ട് എന്നിവരും പ്രതികള്‍ക്കു വേണ്ടി അഭിഭാഷകരായ വി ടി രഘുനാഥ്, എസ് ഷാനവാസ് എന്നിവരും ഹാജരായി.

RELATED STORIES

Share it
Top