വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 25,000 രൂപ പിഴയും. നാല് മലയാളികളടക്കം 18 പേര്‍ കുറ്റക്കാരാണെന്ന് കൊച്ചി എന്‍ഐഎ കോടതി ഇന്നലെ വിധിച്ചിരുന്നു. കേസില്‍ പ്രതികളായ 17 പേരെ കോടതി വെറുതെവിട്ടു. ഇവര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. പ്രതികള്‍ക്കെതിരേ പ്രധാന കുറ്റങ്ങളായി ചുമത്തിയിരുന്ന രാജ്യദ്രോഹം, രാജ്യത്തിനെതിരേ യുദ്ധം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ആയുധങ്ങള്‍ ശേഖരിക്കല്‍ എന്നിവതെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലയളവായി പരിഗണിക്കും. എന്നാല്‍, കേസിലെ 13ാം പ്രതി മുഹമ്മദ് ആസിഫിനു മാത്രമേ ഇന്നു ജയില്‍മോചിതനാവാന്‍ കഴിയൂ. മറ്റുള്ളവര്‍ മറ്റു കേസുകളില്‍ പ്രതികളായി ജയിലില്‍ കഴിയുന്നവരാണ്.

ഒന്നാംപ്രതി ഈരാറ്റുപേട്ട പീടിയക്കല്‍ ഷാദുലി, നാലാംപ്രതി ഈരാറ്റുപേട്ട പീടിയക്കല്‍ ഷിബിലി, അഞ്ചാംപ്രതി കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ മുഹമ്മദ് അന്‍സാര്‍ പി എ (അന്‍സാര്‍ നദ്‌വി), ആറാംപ്രതി കുഞ്ഞുണ്ണിക്കര പെരുന്‍തേലില്‍ അബ്ദുല്‍ സത്താര്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ മലയാളികള്‍. ഇവര്‍  ഉള്‍പ്പടെ 35 പേരാണ് വിചാരണ നേരിട്ടത്.  അഹമ്മദാബാദ്, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങിയ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണക്കായി ഹാജരാക്കിയിരുന്നത്.

2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ നടന്നതായി പറയുന്ന 'സിമി' ക്യാംപില്‍ ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു പോലിസ് കേസ്. കേരള പോലിസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു. കേസിലെ 31ാം പ്രതി നേരത്തെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു. ഭോപ്പാലില്‍ തടവില്‍ കഴിയുകയായിരുന്ന ഗുഡ്ഡു എന്ന മെഹ്ബൂബ് ഷെയ്ഖാണ് മരിച്ചത്. ഇയാള്‍ ഉള്‍പ്പെടെ എട്ടുപേരെ വ്യാജ ഏറ്റുമുട്ടലിലാണ് വധിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top