വാഗമണ്‍ സിമി ക്യാംപ് കേസ്: പ്രതിഭാഗം അന്തിമവാദം ആരംഭിച്ചു

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍ പ്രതിഭാഗം അന്തിമവാദം ആരംഭിച്ചു. തുടര്‍വാദം അടുത്ത 16, 17 തിയ്യതികളിലായി നടക്കും.  സിമിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ റിപോര്‍ട്ട് ചെയ്ത ആദ്യ കേസാണിത്. 35 പ്രതികളുടെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ആഴ്ചയില്‍ രണ്ടു ദിവസം വീതമാണു വിചാരണ. പട്ടികയിലുള്ള 77 പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം ഇതിനകം പൂര്‍ത്തിയായി. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ വാസിക്വ് ബില്ല ഇപ്പോഴും ഒളിവിലാണെന്നു പറയപ്പെടുന്നു. 31ാം പ്രതി മെഹബൂബ് മാലിക്ക് ഭോപാലില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു. 35ാം പ്രതിയായ ഖുറൈശി ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.2007 ഡിസംബര്‍ 10 മുതല്‍ 12 വരെ വാഗമണിലെ തങ്ങള്‍പാറയില്‍ നടന്നതായി പറയുന്ന “സിമി’ ക്യാംപില്‍ ആയുധ പരിശീലനത്തിനുള്ള ഉപകരണങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയെന്നായിരുന്നു പോലിസ് കേസ്. കേരള പോലിസിന്റെ ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top