വാഗമണ്‍ സിമി ക്യാംപ് കേസ് : മൂന്നാംഘട്ട വിചാരണ നടപടികള്‍ തുടങ്ങികൊച്ചി: വാഗമണിലെ സിമി  ക്യാംപ് കേസിന്റെ മൂന്നാംഘട്ട വിചാരണാ നടപടികള്‍ എറണാകുളം പ്രത്യേക എന്‍ഐഎ കോടതിയില്‍ തുടങ്ങി. കേസിലെ 32 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് അടുത്ത സാക്ഷിയുടെ വിസ്താരം ഇന്നലെ നടന്നത്. രാവിലെ മുതല്‍ ഉച്ചവരെയായിരുന്നു വിചാരണ. അടുത്ത വിസ്താരം ഈ മാസം 22നു രാവിലെ മുതല്‍ നടക്കും. മൂന്നാംഘട്ടത്തില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആകെ 27 സാക്ഷികളെ വിസ്തരിക്കാനാണു കോടതി തീരുമാനിച്ചിരിക്കുന്നത്. പ്രതികളെ കേരളത്തിലെത്തിക്കുന്നതില്‍ സുരക്ഷാഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അഹ്മദാബാദ്, ബംഗളൂരു, ഡല്‍ഹി, ഭോപാല്‍ ജയിലുകളില്‍ കഴിയുന്ന 33 പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കോടതി മുമ്പാകെ വിസ്തരിക്കുന്നത്. എറണാകുളം ജില്ലാ ജയിലിലുള്ള രണ്ട് പ്രതികളെ മാത്രമാണ് നേരിട്ട് ഹാജരാക്കുന്നത്. കേസില്‍ ആകെ 38 പ്രതികള്‍െക്കതിരേയാണ് എന്‍ഐഎ കുറ്റപത്രം നല്‍കിയത്. ഒരാള്‍ പോലിസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ ഒളിവിലുമാണ്. അവശേഷിക്കുന്ന 35 പ്രതികളാണ് വിചാരണ നേരിടുന്നത്. 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ സിമി പ്രവര്‍ത്തകര്‍ വാഗമണിലെ തങ്ങള്‍പാറയില്‍ പല രീതിയിലുള്ള പരിശീലനം നേടിയെന്നും രഹസ്യയോഗം ചേര്‍ന്നെന്നുമാണ് എന്‍ഐഎയുടെ കുറ്റപത്രത്തിലെ ആരോപണം.

RELATED STORIES

Share it
Top