വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട് : രണ്ട് ഉദ്യോഗസ്ഥര്‍ക്ക് തടവും പിഴയുംതിരുവനന്തപുരം: സ്വകാര്യ കമ്പനികളില്‍ നിന്ന് വാക്‌സിന്‍ വാങ്ങിയതില്‍ ക്രമക്കേട് കാട്ടിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അഴിമതിക്കേസില്‍ തടവും പിഴയുമടയ്ക്കാന്‍ വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചു. റിട്ട. ആരോഗ്യവകുപ്പ് ഡയറക്ടറായിരുന്ന ഡോ. വി കെ രാജന്‍, തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫിസറായിരുന്ന കെ ശൈലജ എന്നിവരെയാണ് ജഡ്ജ് എ ബദറുദ്ദീന്‍ ശിക്ഷിച്ചത്. 2002-2003 കാലഘട്ടത്തില്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ 1.46 കോടി രൂപയ്ക്ക് വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇരുവര്‍ക്കും അഞ്ചുവര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും വിധിച്ചത്. പ്രത്യേക സ്റ്റോറേജ് സൗകര്യമില്ലാതെ വാക്‌സിന്‍ വാങ്ങുകയും ഇന്‍സുലിനൊപ്പം സൂക്ഷിച്ചതു വഴി കുത്തിവയ്‌പെടുത്ത കുട്ടികള്‍ക്ക് അസ്വസ്ഥതയുണ്ടാവുകയും ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് വാക്‌സിന്‍ ക്രമക്കേട് പുറത്താവുന്നതും വിജിലന്‍സ് കേസെടുക്കുന്നതും. മുംബൈയിലുള്ള ശാന്ത ബയോടെക് നിക്‌സ്, ഹൈദരാബാദിലെ വി എച്ച് ഭഗത് എന്നീ കമ്പനികളില്‍ നിന്നുമാണ് മരുന്നുകള്‍ വാങ്ങിയത്. അഴിമതി നിരോധന നിയമം, ക്രിമിനല്‍ ഗുഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ തെളിഞ്ഞത്. കേസില്‍ മൂന്നും നാലുമായി പ്രതി ചേര്‍ത്തിരുന്ന തിരുവനന്തപുരം ജില്ലാ സ്‌റ്റോര്‍ വെരിഫിക്കേഷന്‍ ഓഫിസര്‍ സി സദാശിവന്‍ നായര്‍, ഫാര്‍മ സ്‌റ്റോര്‍ കീപ്പര്‍ കെ മുഹമ്മദ് എന്നിവരെ കോടതി വെറുതെ വിട്ടു.വാക്‌സിനേഷന്‍ പദ്ധതിയോ മറ്റ് വാക്‌സിനേഷന്‍ ആവശ്യങ്ങളോ ഇല്ലാത്ത സമയത്ത് അമിത വില നല്‍കി സ്റ്റോറേജ് സൗകര്യമില്ലാതെ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍ വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇത് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. പിന്നീട് ഈ വാക്‌സിന്‍ ഉപയോഗിച്ച് വാക്‌സിനേഷന്‍ പദ്ധതി നടത്തിയെങ്കിലും ഏകോപനമില്ലായ്മ കാരണം അത് പരാജയപ്പെടുകയായിരുന്നു. കൂടാതെ, ചില കുട്ടികള്‍ക്ക് അസ്വസ്ഥതയുമുണ്ടായി. ഇത് മനസ്സിലായിട്ടും വാക്‌സിന്‍ വിതരണം ചെയ്ത കമ്പനികള്‍ക്കെതിരേ ഒരു നടപടിയും എടുത്തില്ലെന്നും വിജിലന്‍സ് കണ്ടെത്തി. പരാതിക്കിടയാക്കിയ സംഭവം നടക്കുമ്പോള്‍ കെ ശൈലജ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആയിരുന്നു. മരുന്ന് കമ്പനികളെ സഹായിക്കാന്‍ ആവശ്യത്തിലധികം വാക്‌സിന്‍ വാങ്ങിക്കൂട്ടിയെന്നാണ് കണ്ടെത്തിയത്. വിജിലന്‍സ് എസ്പി ആര്‍ സുകേശന്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ എ ബിജു മനോഹര്‍ ഹാജരായി.

RELATED STORIES

Share it
Top