വാക്‌പോരുമായി മന്ത്രിമാര്‍സ്വന്തം പ്രതിനിധി

ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളിലെ പമ്പിങ് വൈകുന്നതിനെ ചൊല്ലി വാക്‌പോരുമായി മന്ത്രിമാര്‍. ദുരിതാശ്വാസത്തിനായി പുറത്തിറക്കിയ നവകേരളം ലോട്ടറി ഉദ്ഘാടനച്ചടങ്ങിലാണ് ജില്ലയില്‍ നിന്നു—ള്ള മന്ത്രിമാര്‍ അഭിപ്രായഭിന്നത പരസ്യമാക്കിയത്. പ്രളയം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും കുട്ടനാട് പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ നടപടിയുണ്ടായിട്ടില്ലെന്നായിരുന്നു മന്ത്രി ജി സുധാകരന്റെ ആരോപണം. ഇത്രയേറെ കാത്തിരിക്കേണ്ട സമയമുണ്ടായിട്ടില്ല. പണം നല്‍കേണ്ടവര്‍ അതു പരിശോധിക്കണമെന്നും തോമസ് ഐസക് വേദിയിലിരിക്കെ സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുകയാണെന്നും സുധാകരന്‍ പറഞ്ഞു. എന്നാല്‍, പമ്പിങിലെ തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക് പിന്നീട് മാധ്യമങ്ങളോട് മറുപടി പറഞ്ഞു. കുട്ടനാട്ടിലെ വെള്ളം വറ്റിക്കുന്നത് അത്ര എളുപ്പത്തില്‍ നടക്കില്ല. വെള്ളം വറ്റിക്കാന്‍ ഒരാഴ്ച സമയമെടുക്കും. രണ്ടായിരത്തോളം പമ്പുകള്‍ വെള്ളത്തിലാണ്. അവ ഉണങ്ങി റീവൈന്‍ഡ് ചെയ്തുവേണം വെള്ളം വറ്റിക്കാനെന്നും മന്ത്രി അറിയിച്ചു. മോട്ടോര്‍ നന്നാക്കാനായി പാടശേഖര സമിതികള്‍ക്ക് 25,000 രൂപ വീതം നല്‍കിയെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയബാധിതര്‍ക്കു ലഭിക്കേണ്ട ധനസഹായത്തിന്റെ വിതരണവും നീളും. 10,000 രൂപ ലഭിക്കേണ്ട പകുതി പേരുടെയും അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചിട്ടില്ല. ബിഎല്‍ഒമാര്‍ ഇതിനായുള്ള നടപടികള്‍ തുടരുകയാണ്. പ്രളയബാധിതര്‍ക്കുള്ള കിറ്റുകളുടെ വിതരണം 30 ശതമാനം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ശേഷിക്കുന്നവ ഇന്നും നാളെയും പഞ്ചായത്തുതലത്തില്‍ വിതരണം ചെയ്യുമെന്നും മന്ത്രി ഐസക് പറഞ്ഞു.RELATED STORIES

Share it
Top