വാക്കിലും പ്രവൃത്തിയിലും മാനവികത പ്രകടമാവണം: എം കെ രാഘവന്‍ എംപികോഴിക്കോട്:നിക്ഷിപ്ത താല്‍പര്യങ്ങളും ഇടുങ്ങിയ ചിന്താഗതികളും വളര്‍ന്നുവരുന്ന വര്‍ത്തമാനകാലത്ത് മാനവികതയുടെ മനോഹരമായ ചിന്താധാര വളര്‍ത്തിയെടുക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് എം കെ രാഘവന്‍ എംപി അഭിപ്രായപ്പെട്ടു. വാക്കിലും പ്രവൃത്തിയിലും മാനവികത പ്രകടമാവണം. ഭക്ഷണമുണ്ടായിട്ടും ഭക്ഷണം കഴിക്കാത്ത റമദാന്‍ വ്രതം മാനവികതക്കു വേണ്ടിയുള്ള വലിയ സമര്‍പണമാണെന്നും അദ്ദേഹം പറഞ്ഞു. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്രകമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച 15ാമത് റമദാന്‍ പ്രഭാഷണത്തിന്റെ രണ്ടാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലാ ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ വാഴ്ത്താം പ്രപഞ്ചനാഥനെ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഒ പി അഷ്‌റഫ്, ടി പി സുബൈര്‍ മാസ്റ്റര്‍, ആര്‍.വി സലീം, ബഷീര്‍ ഹാജി കരീറ്റിപ്പറമ്പ്, പി കെ മുഹമ്മദ് മാസ്റ്റര്‍, സി എ ശുക്കൂര്‍ മാസ്റ്റര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി വി ഷാഹുല്‍ ഹമീദ് സ്വാഗതവും സലീം അമ്പലക്കണ്ടി നന്ദിയും പറഞ്ഞു. മൂന്നാം ദിവസമായ ഇന്ന് ദജ്ജാലിന്റെ ആഗമനം ആസന്നമായോ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.

RELATED STORIES

Share it
Top