വസ്ത്രമഴിച്ചു പരിശോധന : അധ്യാപികമാരുടെ അറസ്റ്റ് ഉടനെകണ്ണൂര്‍: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം ഉള്‍പ്പെടെയുള്ളവ അഴിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പോലിസ് നടപടികള്‍ ഊര്‍ജിതമാക്കി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ബന്ധുവില്‍ നിന്നു പോലിസ് മൊഴിയെടുത്തു. കേസ് അന്വേഷിക്കുന്ന പരിയാരം എസ്‌ഐ വി ആര്‍ വിനീഷിന്റെ നേതൃത്വത്തില്‍ ചെറുവത്തൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തിയാണ് മാതാവിന്റെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്ന പയ്യന്നൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്‌കെ (ടിസ്‌ക്) ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പെണ്‍കുട്ടിയോടൊപ്പം ഇവരുമെത്തിയിരുന്നു. അതിനാലാണ് കൂടുതല്‍ തെളിവിനായി ഇവരുടെ മൊഴിയെടുത്തത്. അതേസമയം, അപമാനിച്ചതുമായി ബന്ധപ്പെട്ട് കേസെടുത്ത ഇതേ സ്‌കൂളിലെ നാല് അധ്യാപികമാരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് പോലിസ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പോലിസ് സ്വമേധയാ ആണ് കേസെടുത്തി—രിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ കേസും നിലവിലുണ്ട്. നീറ്റ് പരീക്ഷയെഴുതിയ പല കുട്ടികളും ഇത്തരത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. എന്നാല്‍, നിലവിലുള്ള കേസുമായി ബന്ധപ്പെട്ട് നടപടി ശക്തമാക്കാനാണ് പോലിസ് നീക്കം. കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികമാരായ ഷീജ, സഫീന, ബിന്ദു, ഷാഹിന എന്നിവരെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റോ പ്രിന്‍സിപ്പലോ മാപ്പു പറയാന്‍ തയ്യാറായിട്ടില്ല. ഇവരുടെയും പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരുടെയും വിശദമായ മൊഴിയും എടുക്കാനുണ്ടെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top