വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ അനുവദിക്കില്ല: യെച്ചൂരി

ന്യൂഡല്‍ഹി: വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയോ പദവിയോ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും യെച്ചൂരി ഡല്‍ഹിയില്‍ പറഞ്ഞു. എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സ്വത്തുവിവരം വെളിപ്പെടുത്തണം. ബിനോയ് കോടിയേരിക്കെതിരേ പരാതി ലഭിച്ചെന്ന കാര്യം യെച്ചൂരി സ്ഥിരീകരിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടിരീതിയില്‍ ഉചിതമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി നല്‍കിയിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കും പറയാനുള്ളതെന്നും പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യെച്ചൂരി വ്യക്തമാക്കി. എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തണമെന്ന വാദം അപ്രായോഗികമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 1952ലും 1957ലും ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തിയെങ്കിലും കേരളത്തില്‍ 1957ല്‍ പ്രഥമ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ 356ാം വകുപ്പ് ദുരുപയോഗിച്ച് പിരിച്ചുവിട്ടതോടെ ഇതിന്റെ താളം തെറ്റുകയായിരുന്നു. ഇത് ഒഴിവാക്കണമെങ്കില്‍ ഭരണഘടനയിലെ 356ാം വകുപ്പ് നീക്കം ചെയ്യണം. ബിജെപി ഇതിനു തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. വര്‍ഷങ്ങളായി മുന്നണി സംവിധാനം വഴിയാണ് കേന്ദ്രഭരണം നടക്കുന്നത്. ഏതെങ്കിലും പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ അധികാരം നഷ്ടപ്പെടും. ഇങ്ങനെ സംഭവിച്ചാല്‍ ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ കാലാവധി കഴിയുന്നതുവരെ തുടരണമെന്ന് പറയാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top