വഴിയോരത്ത് അറവു മാലിന്യങ്ങള്‍ തള്ളുന്നു; ജനം ദുരിതത്തില്‍

മുള്ളേരിയ: കോഴിക്കടകളില്‍ നിന്നുള്ള അറവ് മാലിന്യങ്ങള്‍ വഴിയോരത്ത് തള്ളുന്നത് നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും ദുരിതമാകുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പെടുന്ന ഈന്തുമൂലയിലെ റോഡരികിലാണ് ചാക്കില്‍ നിറച്ച നിലയില്‍ കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളിയത്.
ഇത് മൂലം ദുര്‍ഗന്ധം വമിച്ച് മൂക്ക് പൊത്തിയാണ് ഇതുവഴി പോകുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ ചാക്കില്‍ നിറച്ച് കൊണ്ടു വന്ന് ചെര്‍ക്കള മുതല്‍ പെര്‍ള വരേയും ഗ്രാമീണ പ്രദേശങ്ങളിലെ പാതയോരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലുമാണ് മാലിന്യം തള്ളുന്നത്. ഇത് സംബന്ധിച്ച് ബെള്ളൂര്‍ പഞ്ചായത്ത് ഭരണ സമിതി ആദൂര്‍ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ലതയുടെ നേതൃത്വത്തില്‍ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് മാലിന്യം മണ്ണിട്ട് മൂടി. സമാനമായ രീതിയില്‍ ഒരു മാസം മുമ്പ് പെര്‍ളയിലെ ഗാളിഗോപുരയിലും ബദിയടുക്ക വിദ്യാഗിരിയിലെ ജനവാസ കേന്ദ്രത്തിലും മാലിന്യം തള്ളിയിരുന്നു.

RELATED STORIES

Share it
Top