വഴിയോരക്കച്ചവടം: നാലാഴ്ചക്കകം തീരുമാനമെടുക്കണം-ഹൈക്കോടതി

കൊച്ചി: ഫോര്‍ട്ട്‌കൊച്ചി ബീച്ചിലെ അര്‍ഹരായ വഴിയോരക്കച്ചവടക്കാരുടെ കാര്യത്തില്‍ നാലാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
വഴിയോരക്കച്ചവടക്കാരുമായി ബന്ധപ്പെട്ട നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപവല്‍ക്കരിക്കപ്പെട്ട കൊച്ചി കോര്‍പറേഷന്‍ ടൗണ്‍ വെന്‍ഡിങ് കമ്മിറ്റി തീരുമാനമെടുക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്.
അനധികൃത തെരുവോര കച്ചവടം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ണിവല്‍ പൈതൃക സംരക്ഷണ ഫോറം നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ഭൂമിയുള്‍പ്പെടെ അനധികൃതമായി കൈയേറിയാണ് അനധികൃത വഴിയോര കച്ചവടം നടക്കുന്നതെന്നാണ് ഹരജിയിലെ ആരോപണം. കമാലക്കടവ് മുതല്‍ വാസ്‌കോഡഗാമ സ്‌ക്വയര്‍ വരെയുള്ള മേഖലയിലെ കൈയേറ്റം സംബന്ധിച്ചാണ് പരാതി. മേഖലയില്‍ 251 വഴിയോരക്കച്ചവടക്കാര്‍ ഉള്ളതായി വെന്റിങ് കമ്മിറ്റി കണ്ടെത്തിയിട്ടുള്ളതായി കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.
ഇവരെ പുനരധിവസിപ്പിക്കാന്‍ വെന്റിങ് സോണ്‍ കണ്ടെത്താനായി ഉപസമിതിയെ നിയോഗിച്ചിരുന്നു.
രണ്ട് സ്ഥലങ്ങള്‍ ഇവര്‍ കണ്ടെത്തിയിട്ടുണ്ട്. അര്‍ഹരായ വഴിയോരക്കച്ചവടക്കാരെ ഈ സ്ഥലത്തേക്ക് പുനരധിവസിപ്പാക്കാനുള്ള ശിപാര്‍ശ പരിഗണനയിലാണെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ശിപാര്‍ശയില്‍ ഒരു മാസത്തിനകം നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പോര്‍ട്ട് ട്രസ്റ്റിന്റെ സ്ഥലം അനധികൃതമായി കൈയേറിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കാന്‍ പോര്‍ട്ട് എസ്റ്റേറ്റ്് ഓഫിസര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. മറ്റ് അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച ശേഷം ഇത് സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി കോര്‍പറേഷനോടും നിര്‍ദേശിച്ചു. തുടര്‍ന്ന് നാലാഴ്ചക്ക് ശേഷം ഹരജി പരിഗണിക്കാന്‍ മാറ്റി.
RELATED STORIES

Share it
Top