വഴിത്തര്‍ക്കം; പോലിസ് അതിക്രമം കാട്ടിയതായി പരാതി

വടകര: മണിയൂര്‍ പഞ്ചായത്തിലെ മങ്കരയില്‍ വഴിത്തര്‍ക്കത്തിലിടപെട്ട പയ്യോളി പോലിസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്‌ഐക്കെതിരെ പരാതി. പ്രശ്‌നം മധ്യസ്ഥയില്‍ പറഞ്ഞു പരിഹരിക്കാനിരിക്കെ അഡീഷണല്‍ എസ്‌ഐ അനില്‍ മങ്കര ശാഖാ യൂത്ത് ലീഗ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
യൂത്ത് ലീഗ് സെക്രട്ടറി മജാസിനെ പോലിസ് ജീപ്പില്‍ വലിച്ചു കയറ്റുകയും 308 ചുമത്തി നിയമനടപടിയെടുക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ അഹമ്മദ് സ്വാലിഹ് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. റൂറല്‍ എസ്പിക്ക് നേരിട്ടു കണ്ട് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. മങ്കരയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു കൂടി വഴി പോകുന്നത് സംബന്ധിച്ച് തര്‍ക്കം നിലവിലുണ്ട്. വഴി ഉപയോഗിക്കുന്നവര്‍ ഇവിടെ സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ വെട്ടി കല്ലു കെട്ടിയതുമായി ബന്ധപ്പെട്ട് പരാതിയും നിലവിലുണ്ട്.
തന്റെ അനുവാദമില്ലാതെ വഴിക്ക് വേണ്ടി തന്റെ സ്ഥലത്ത് നടത്തിയ നിര്‍മാണ പ്രവൃത്തി സ്ഥലത്തിന്റെ ഉടമ പൊളിച്ചു മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതിനിടെയാണ് സ്ഥലത്തെത്തിയ പോലിസ് മാജാസിനെ ജീപ്പില്‍ വലിച്ചു കയറ്റിയതും ഭീഷണി മുഴക്കിയതും.

RELATED STORIES

Share it
Top