വഴിതിരിച്ചുവിട്ട സമാന്തരപാതകള്‍ നന്നാക്കാന്‍ നടപടിയില്ല ്‌

തൊടുപുഴ: ജില്ലയിലെ ദേശീയ പാതയില്‍പ്പെട്ട വിവിധ മേഖലകളില്‍ നിര്‍മാണം തുടരുന്നു. അതേസമയം, നിര്‍മാണത്തിന്റെ ഭാഗമായി ഗതാഗതം വഴി തിരിച്ചുവിട്ടെങ്കിലും സമാന്തര പാതകള്‍ അറ്റകുറ്റപ്പണി നടത്താതെ അധികൃതര്‍ യാത്രാക്കാരെ വലയ്ക്കുകയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം മുതല്‍ പൂപ്പാറ വരെയുള്ള ഭാഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ വാഹന ഗതാഗതം പൂര്‍ണമായും വഴിതിരിച്ചുവിട്ടിരിക്കുകയാണ്.
പൂപ്പാറയില്‍നിന്ന് രാജാക്കാട് കുഞ്ചിത്തണ്ണി, ആനച്ചാല്‍ വഴിയും, കജനാപ്പാറ  ബൈസണ്‍വാലി വഴിയുള്ള സമാന്തര പാതയിലൂടെയാണ് വാഹനങ്ങള്‍ പോവുന്നത്. എന്നാല്‍, കുണ്ടും കുഴിയും നിറഞ്ഞ സമാന്തര പാതകളുടെ ശോച്യാവസ്ഥ പരിഹരിക്കാനോ അറ്റകുറ്റപണികള്‍ നടത്താനോ യാതൊരുവിധ നടപടികളും ബന്ധപ്പെട്ട ദേശീയപാത അധികൃതര്‍ സ്വീകരിച്ചിട്ടില്ല. വാഹന ഗതാഗതം സമാന്തര പാതകളിലൂടെ തിരിച്ചുവിട്ടിട്ട് അഞ്ചുമാസ കാലത്തിലധികമായി. ഈ സമാന്തര റോഡിന്റെ ഭാഗമായുള്ള ആനച്ചാല്‍  ഓഡിറ്റ് റോഡിലൂടെയുള്ള വാഹന ഗതാഗതമാണ് ഏറെ ദുഷ്‌കരമായത്.
പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടില്ലാത്ത ഈ റോഡ് നിലവില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ്. ഇവിടെ വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍പോലും നടന്നിട്ട്. ഓടയില്ലാത്ത ഈ റോഡിന്റെ ഇരുവശങ്ങളിലൂടെയും മഴവെള്ളമൊഴുകി റോഡിന്റെ ഇരുവശങ്ങളിലേയും ടാറിങ് തകര്‍ന്നിട്ടു മാസങ്ങളായി. കൊടുംവളവുകളും കയറ്റവുമുള്ള റോഡില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുപോലും ബന്ധപ്പെട്ടവര്‍ നാളിതുവരെ തയാറായിട്ടില്ല. മുന്നറിയിപ്പ് ബോര്‍ഡുകളില്ലാത്തതിനാല്‍ വഴിയെക്കുറിച്ച് നിശ്ചയമില്ലാതെ ഇതുവഴിയെത്തുന്ന ചരക്കു ലോറികളും, ടൂറിസ്റ്റ് വാഹനങ്ങളും ഓഡിറ്റ് റോഡില്‍ കയറ്റം കയറാനാകാതെ കുടുങ്ങുന്നതും മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കുന്നതും ഇവിടെ നിത്യ സംഭവമാണ്.
രണ്ടു മാസങ്ങള്‍ക്കു മുമ്പ് തമിഴ്‌നാട്ടില്‍നിന്നും ഇതുവഴി വിനോദ സഞ്ചാരികളുമായി മൂന്നാറിലേക്കു വന്ന വാന്‍ കയറ്റം കയറാതെ പിന്നോട്ടുരുണ്ട് 30 അടി താഴ്ചയിലേക്കു പതിച്ച് 11 പേര്‍ക്കു പരുക്കേറ്റിരുന്നു. സമാന്തര പാതയുടെ ഭാഗമായിട്ടുള്ള എല്ലക്കല്‍  രാജാക്കാട് റോഡും അപകട ഭീഷണിയുയര്‍ത്തുന്നു. ഈ റോഡിലും കൊടുംവളവുകളും കയറ്റങ്ങളുമുണ്ട്. ആഴ്ചകള്‍ക്കു മുമ്പ് സേനാപതിയില്‍നിന്നും തിരുവനന്തപുരത്തേക്കു നിറയെ യാത്രക്കാരുമായി പോയ കെഎസ്ആര്‍ടിസി ബസ് തേക്കിന്‍കാനം ഇറക്കത്തില്‍വച്ച് നിയന്ത്രണം വിട്ടതാണ് ഇവിടെയുണ്ടായ അപകട പരമ്പരയില്‍ അവസാനത്തേത്. െ്രെഡവര്‍ സമയോചിതമായി പ്രവര്‍ത്തിച്ച് ബസ് മണ്‍തിട്ടയിലിടിപ്പിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇനിയും 15 മാസമെങ്കിലും വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
ഇക്കാലമത്രയും ഇതുവഴിയുള്ള വാഹന ഗതാഗതം രാജാക്കാട്  കുഞ്ചിത്തണ്ണി വഴിയുള്ള സമാന്തരപാതവഴി തന്നെ നടത്താതെ മറ്റ് മാര്‍ഗങ്ങളില്ല. ഈ സാഹചര്യത്തില്‍ പാതയുടെ അറ്റകുറ്റപണി അടിയന്തരമായി പൂര്‍ത്തീകരിക്കുകയും, ആവശ്യമായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്നതുമാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top