വഴിതിരിച്ചുവിട്ടുള്ള ബസ് സര്‍വീസില്‍ വലഞ്ഞ് മഞ്ചേരിയില്‍ യാത്രക്കാര്‍

മഞ്ചേരി:  മുന്നറിയിപ്പേതുമില്ലാതെ റൂട്ട് തിരിച്ചുവിടുന്ന ബസ് ജീവനക്കാരുടെ നടപടി യാത്രക്കാര്‍ക്ക് ദുരിതമാവുന്നു. മഞ്ചേരിയില്‍ നിന്നു മലപ്പുറം ഭാഗത്തേക്കുള്ള ബസ്സുകളാണ് വഴി മാറി സര്‍വീസ് നടത്തുന്നത്. നാടുകാണി-പരപ്പനങ്ങാടി പാത നവീകരണം നടക്കുന്നതിനാല്‍ മഞ്ചേരി-മലപ്പുറം പാതയില്‍ യാത്രയിപ്പോള്‍ തീര്‍ത്തും ദുഷ്‌ക്കരമാണ്. ഇത് മറയാക്കിയാണ് മുന്നറിയിപ്പേതുമില്ലാതെ സ്വകാര്യ ബസ്സുകള്‍ സര്‍വീസ് മുള്ളമ്പാറ പൂക്കോട്ടൂര്‍ വഴി തിരിച്ചുവിടുന്നത്.
യാത്രക്കാരുടെ തിരക്കേറെയുള്ള രാവിലേയും വൈകുന്നേരവുമാണ് ഈ റൂട്ടുമാറ്റമേറെയും. ഇത് യാത്രക്കാരെ വലക്കുകയാണ്. മഞ്ചേരിയില്‍ നിന്നു മലപ്പുറം ഭാഗത്തേക്ക് പോവാനുള്ള യാത്രക്കാരെ കയറ്റാതെ മലപ്പുറം മുതലുള്ള ടിക്കറ്റുകള്‍ മാത്രം നല്‍കിയാണ് വഴിമാറിയുള്ള ബസ് സര്‍വീസ്. വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ ഇക്കാരണത്താല്‍ ലക്ഷ്യസ്ഥാനങ്ങളിലെത്താന്‍ വൈകും. മലപ്പുറത്തിനിടയ്ക്ക് ഇറങ്ങേണ്ടവര്‍ക്ക് ബസ്സുകള്‍ പോവുന്ന വഴിയന്വേഷിച്ച് കയറേണ്ട അവസ്ഥയാണ്. കെഎസ്ആര്‍ടിസി മാത്രമാണ് പലപ്പോഴും ആശ്രയാവുന്നതെന്നും യാത്രക്കാര്‍ പറയുന്നു.
ഈ റൂട്ടില്‍ ഗതാഗത നിയന്ത്രണമേതും വരുത്തിയിട്ടില്ലെന്നിരിക്കെ, സ്വകാര്യ ബസ്സുകള്‍ തന്നിഷ്ടപ്രകാരമാണ് വഴിമാറിയോടുന്നത്. തകര്‍ന്നടിഞ്ഞ നിരത്തിലൂടെയുള്ള യാത്ര വലിയതോതില്‍ ഗതാഗത തടസ്സം സൃഷ്ടിക്കുന്നു എന്ന കാരണമാണ് ബസ് ജീവനക്കാര്‍ക്ക് പറയാനുള്ളത്. വാഹനങ്ങള്‍ക്ക് നിരന്തരം തകരാറുകളും റോഡിന്റെ തകര്‍ച്ച കാരണമുണ്ടാവുന്നു.
റോഡ് നവീകരണം നടക്കുന്നതിനാല്‍ പലയിടങ്ങളിലും പാത തന്നെയില്ലാത്ത സ്ഥിതിയാണ്. ഇത് യാത്രക്കാരുടെ നടുവൊടിക്കുന്ന അവസ്ഥയാണുണ്ടാക്കിയിരിക്കുന്നത്. പാത നവീകരണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പരാതിയും വ്യാപകമായുണ്ട്.

RELATED STORIES

Share it
Top