വള്ളക്കടവ് പാലം യാഥാര്‍ഥ്യമാവുന്നു

തിരുവനന്തപുരം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് വള്ളക്കടവില്‍ പുതിയ പാലം യാഥാര്‍ഥ്യമാവുന്നു. പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഇക്കഴിഞ്ഞ മെയ് 24ന് പൊതുമരാമത്ത് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് വള്ളക്കടവ് പാലം ഉടന്‍ പുനര്‍നിര്‍മിക്കാന്‍ പെതുമരാമത്ത് വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ ദുര്‍ബലാവസ്ഥയിലുള്ള 16 പാലങ്ങളില്‍ ആദ്യത്തേതായാണ് വള്ളക്കടവ് പാലത്തെ പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് കഴിഞ്ഞു. വളളക്കടവ് പാലം ദുര്‍ബലാവസ്ഥയിലാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചിരുന്നു. സംസ്ഥാനത്തെ 2445 പാലങ്ങളില്‍ 370 പാലങ്ങള്‍ പുനര്‍നിര്‍മിക്കുകയോ അറ്റകുറ്റപണികള്‍ നടത്തുകയോ ചെയ്യണമെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു.
4000 കോടിയാണ് സംസ്ഥാനത്തൊട്ടാകെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ആറുപാലങ്ങളുടെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി കഴിഞ്ഞു.  മനുഷ്യാവകാശ പ്രവര്‍ത്തകനും വള്ളക്കടവ് പാലം സംരക്ഷണസമിതി ജനറല്‍  സെക്രട്ടറിയുമായ രാഗം റഹീം നല്‍കിയ പരാതിയിലാണ് നടപടി.  വള്ളക്കടവ് പാലം നിര്‍മിക്കുന്നതിനുള്ള സ്‌കെച്ച്, എസ്റ്റിമേറ്റ്, ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു.
പാലം നിര്‍മാണത്തിനാവശ്യമായ അടങ്കല്‍ തുക കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  ഭാരമേറിയ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ പാലത്തിന്റെ ബലക്ഷയത്തെ പറ്റി മനസ്സിലാക്കാന്‍ പാലം അപകടാവസ്ഥയിലാണെന്ന ബോര്‍ഡ് സ്ഥാപിക്കണം.  ഭാരമേറിയ വാഹനങ്ങള്‍ പാലത്തിലൂടെ പോവുന്നത് തടസ്സപ്പെടുത്താന്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top