വള്ളംകളിയുടെ പെരുമയ്‌ക്കൊപ്പം ചേരാനായത് ജീവിതത്തിലെ വലിയ ഭാഗ്യം: ശരണ്യ ആനന്ദ്

ആലപ്പുഴ: 66ാമത് നെഹ്‌റു ട്രോഫിയോടനുബന്ധിച്ച് പബ്ലിസിറ്റി കമ്മിറ്റി സംഘടിപ്പിച്ച ഭാഗ്യചിഹ്ന പ്രകാശനത്തിലൂടെ പെരുമയാര്‍ന്ന നെഹ്‌റുട്രോഫി വള്ളംകളിയുടെ ഭാഗഭാക്കാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്ന് ചലച്ചിത്ര താരം ശരണ്യ ആനന്ദ്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നെഹ്‌റു ട്രോഫി ഭാഗ്യചിഹ്നം പ്രകാശനം ചെയ്യുകയായിരുന്നു ശരണ്യ.
സച്ചിനാണ് ഇത്തവണത്തെ മുഖ്യാതിഥി എന്നറിഞ്ഞപ്പോള്‍ ആഗസ്ത് 11ന് എങ്ങനെയും വള്ളംകളി കാണാനെത്തണമെന്നാണ് ആഗ്രഹമെന്ന് ശരണ്യ വ്യക്തമാക്കി. എന്റെ അമ്മ എടത്വ സ്വദേശിയാണ്. സ്വന്തം നാട്ടില്‍ മകള്‍ ഒരു വലിയ പരിപാടിയുടെ ഭാഗഭാക്കാകുന്നത് അഭിമാനം നല്‍കുന്നതാണ്. ഈ വേദി ജീവിതത്തിലെ വലിയൊരു നേട്ടമായിക്കാണുന്നു.ഗുജറാത്തില്‍ ജനിച്ചുവളര്‍ന്ന മലയാളിയായ ശരണ്യ ആനന്ദ് മോഡലിങ്ങിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്.
അച്ചായന്‍സ്, കാപ്പുചിനോ, ആകാശ മിഠായി, ചാണക്യ തന്ത്രം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ഉടന്‍ റിലീസാകാന്‍ പോകുന്ന തനഹ, ലാഫിങ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ എന്നി ചിത്രങ്ങളിലെ നായികയാണ്. ചിത്രത്തിന്റെ തിരക്കില്‍ നിന്നാണ് ചടങ്ങിനെത്തിയത്. യോഗത്തില്‍ അധ്യക്ഷതവഹിച്ച എന്‍ടിബിആര്‍ സൊസൈറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ് സുഹാസിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.
പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് വി എസ് ഉമേഷ്, എന്‍ടിബിആര്‍ സെക്രട്ടറിയായ സബ് കലക്ടര്‍ കൃഷ്ണതേജ, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, വാര്‍ഡ് കൗണ്‍സിലര്‍ എ എം നൗഫല്‍, പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ ശ്രീകുമാരന്‍ തമ്പി, കബീര്‍, ചിക്കൂസ് ശിവന്‍, കെ നാസര്‍, ഹരികുമാര്‍ വാലേത്ത്, അബ്ദുള്‍ സലാം ലബ്ബ,   ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരണ്‍ ബാബു, ഐടി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ പി പാര്‍വതീദേവി സംസാരിച്ചു.

RELATED STORIES

Share it
Top