വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാജിവച്ചു

വളാഞ്ചേരി: നഗരസഭയുടെ പ്രഥമ ചെയര്‍പേഴ്‌സണായിരുന്ന എം ഷാഹിന തല്‍സ്ഥാനത്തുനിന്നുള്ള രാജി നഗരസഭ സെക്രട്ടറി എ ഫൈസലിന് സമര്‍പ്പിച്ചു. തുടര്‍ന്ന് 28 ഡിവിഷന്‍ (മീമ്പാറ) യിലെ ഡിവിഷന്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവച്ചു. രാജി സെക്രട്ടറി സ്വീകരിക്കുകയും താല്‍ക്കാലിക ചുമതല വൈസ് ചെയര്‍മാന്‍ കെ വി ഉണ്ണികൃഷ്ണനെ ഏല്‍പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നരസഭയുടെ കൗണ്‍സില്‍ യോഗം ചേരാനും തീരുമാനിച്ചു. രാജിക്ക് മുമ്പായി നഗരസഭയിലെ ജീവനക്കാരുടെ യോഗം വിളിക്കുകയും തന്ന സേവനങ്ങള്‍ക്ക് അവര്‍ നന്ദിയും പറഞ്ഞു. രാജിക്കത്ത് സമര്‍പ്പിക്കുന്ന വേളയില്‍ നഗരസഭയിലെ ഒരു കൗണ്‍സിലര്‍ മാത്രമാണ് കൂടെയുണ്ടായിരുന്നത്. രാജിയുടെ മുമ്പായി രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കണ്ട് രാജിവിവരം അറിയിച്ചിരുന്നു. തങ്ങള്‍ കാര്യങ്ങള്‍ പഠിച്ചിട്ടില്ലെന്നും പാര്‍ട്ടി ഭാരവാഹികളുമായി അന്വേഷിച്ച് വിവരം അറിയിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍, പാണക്കാട് തങ്ങള്‍ രാജിവയ്‌ക്കേണ്ട എന്ന് അറിയിച്ചതായി പ്രാദേശിക ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്ത പരന്നു. ഇത് ലീഗണികളിലും പൊതുസമൂഹത്തിലും വിവാദങ്ങളും ചര്‍ച്ചകളും നടന്നു. പാര്‍ട്ടി പ്രാദേശിക നേതാക്കളും തീരുമാനത്തിനായി പാണക്കാട് സാദിഖലി തങ്ങളുമായും ജില്ലയിലെയും നിയോജകമണ്ഡലങ്ങളിലേയും പാര്‍ട്ടി നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരുന്നു. അവസാനം ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് കൂടിയായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നു. പാര്‍ട്ടി പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെട്ട് രാജിവയ്ക്കാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്. രണ്ടു ദിവസം മുമ്പാണു ചെയര്‍പേഴ്‌സണ്‍ എം ഷാഹിന കൂടെയുള്ള കൗണ്‍സിലര്‍മാരുടെ സഹകരണമില്ലായ്മ മൂലം രാജി പ്രഖ്യാപിച്ച് പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പുതിയ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ് ഇലക്്ഷന്‍ കമ്മീഷന്‍ പ്രഖ്യാപനത്തോടെ തീരുമാനമാവുകയുള്ളു. നഗരസഭ സെക്രട്ടറി നഗരകാര്യവകുപ്പിനും ഇലക്്ഷന്‍ കമ്മീഷനും രാജിവിവരം കൈമാറി.

RELATED STORIES

Share it
Top