വളാഞ്ചേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമം

വളാഞ്ചേരി: ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചു വരികയായിരുന്ന കലാകരനെ തട്ടികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെ വളാഞ്ചേരിയില്‍ വെച്ചാണ് സംഭവം. ലൈംഗികബന്ധത്തിന് സമ്മതിക്കാതിരുന്നപ്പോള്‍  മര്‍ദ്ദിക്കുകയായിരുന്നു.

യുവാവിനോട് വളാഞ്ചേരി ടൗണില്‍ വെച്ച് കാറില്‍ കയറാന്‍ നിര്‍ബന്ധിച്ച സംഘം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇതേ സ്ഥലത്ത് തിരികെ എത്തിക്കാമെന്നും പറഞ്ഞു. ലൈംഗികബന്ധത്തിന് തന്നെ നിര്‍ബന്ധിക്കുകയാണെന്ന് മനസിലായതോടെ കാറിനടുത്ത് മാറിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സമീപമുണ്ടായിരുന്ന ആളുകളെല്ലാം നോക്കി നില്‍ക്കെയായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ഇയാളെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഓട്ടന്‍തുള്ളലിന്റെ ഭാഗമായുണ്ടായിരുന്ന ചമയങ്ങള്‍ മുഖത്ത് നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നില്ലെന്നും അതു കണ്ടിട്ടാകാം അവര്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതെന്നും കലാകാരന്‍ പറയുന്നു. കേരളത്തിലെ ഒട്ടുമിക്ക കലാകാരന്മാരുടെയും ജീവിതത്തില്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടാകുമെന്നും അഭിമാനമോര്‍ത്ത് ആരും തുറന്നുപറയാത്തതാണെന്നും സമൂഹത്തിന്റെ ചിന്താഗതി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ വേദിയില്‍ തുള്ളല്‍ അവതരണത്തിനിടെ കുഴഞ്ഞു വീണ് അന്തരിച്ച പ്രശസ്ത തുള്ളല്‍കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ് മര്‍ദ്ദനത്തിനിരയായ യുവാവ്. യുവാവിന്റെ പരാതിയില്‍ വളാഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

RELATED STORIES

Share it
Top