വളവുപാറയില്‍ മണ്ണിടിച്ചില്‍: യന്ത്രവും ജീപ്പും മണ്ണിനടിയിലായി

ഇരിട്ടി: കനത്ത മഴയെ തുടര്‍ന്ന് വളവുപാറയില്‍ വന്‍ മണ്ണിടിച്ചില്‍. മണ്ണുമാന്തി യന്ത്രവും ജീപ്പും മണ്ണിനടിയിലായി. കച്ചേരിക്കടവ് പുതിയ പാലം ജങ്ഷന് സമീപമാണ് സംഭവം. പുതിയ പാലത്തിന്റെ നിര്‍മാണത്തോടൊപ്പം റോഡ് വീതികൂട്ടുന്നതിനായി ബാരാപോള്‍-കച്ചേരിക്കടവ് റോഡില്‍ കുന്നിടിച്ചിരുന്നു.
ഈ ഭാഗത്താണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മണ്ണിടിഞ്ഞത്. നിര്‍മാണ പ്രവൃത്തിക്കായി എത്തിച്ച രണ്ട് മണ്ണുമാന്തി യന്ത്രവും ഒരു ജീപ്പും മണ്ണെടുത്ത ഭാഗത്ത് നിര്‍ത്തിയിട്ടിരുന്നു. റോഡിന് എതിര്‍വശം പണിയിലായിരുന്നു തൊഴിലാളികള്‍. കനത്ത മഴയില്‍ കൂറ്റന്‍ പാറകളും മണ്ണും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഒരു മണ്ണുമാന്തി യന്ത്രം പൂര്‍ണമായും മണ്ണിനുള്ളിലായി. ജീപ്പിന്റെ പകുതിയോളവും മണ്ണ് നിറഞ്ഞു.
പാലത്തിന്റെ ഒരു തൂണിന്റെ നിര്‍മാണത്തിനു വേണ്ട ഇരുമ്പുകമ്പികള്‍ ഉള്‍പ്പെടെ മണ്ണിനുള്ളിലായി. 30 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി പാലം നിര്‍മാണ കമ്പനി അധികൃതര്‍ പറഞ്ഞു. ഇരിട്ടിയില്‍നിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് മണ്ണും കൂറ്റന്‍ പാറകളും നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. കച്ചേരിക്കടവ് ചെറിയ പാലം ഭിത്തിയും ഭാഗികമായി ഇടിഞ്ഞു. അതിനിടെ, കനത്ത മഴയെ തുടര്‍ന്ന് വീരാജ്‌പേട്ടയില്‍ പെരുമ്പാടി-വീരാജ്‌പേട്ട റോഡില്‍ വെള്ളം കയറി. ഇവിടെ എക്കര്‍ കണക്കിന് പാടങ്ങള്‍ വെള്ളത്തിനടിയിലായി. വാണിയപ്പാറയില്‍ പള്ളിയുടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
ബാരാപോള്‍, ബാവലി പുഴകള്‍ നിറഞ്ഞുകവിഞ്ഞതിനാല്‍ വളപട്ടണം ജലവിതാനം ഉയര്‍ന്നു. ഇരിട്ടി പയഞ്ചേരിയില്‍ റോഡില്‍ വെള്ളം കയറി പേരാവൂര്‍ റൂട്ടില്‍ വാഹനഗതാഗതത്തെ ബാധിച്ചു. കീഴ്പള്ളിയില്‍ നാലുകടകളില്‍ വെള്ളം കയറി.
നാല് കടകള്‍
തകര്‍ന്നു
എടക്കാട്: കനത്ത മഴയില്‍ നടാല്‍ ബസാറിലെ നാലുകടകള്‍ തകര്‍ന്നു. ബാലകൃഷ്ണന്റെ റേഷന്‍കടയും ഹനീഫയുടെ പലചരക്ക് കടയും ഉള്‍പ്പെടെയാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ഇതില്‍ രണ്ടുകടകള്‍ പൂട്ടിയിട്ടതാണ്.

RELATED STORIES

Share it
Top