വളര്‍ത്തുനായയുടെ ആക്രമണം: പിഞ്ചു കുഞ്ഞടക്കം 11 പേര്‍ക്കു പരിക്ക്

മരട്: വളര്‍ത്തുനായയുടെ കടിയേറ്റു സമീപത്തെ പിഞ്ചു കുട്ടിയടക്കം പതിനൊന്നു പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പേട്ട ഗാന്ധി സ്‌ക്വയറിലെ ജവഹര്‍ റോഡില്‍ വച്ചാണ് റോഡില്‍ സഞ്ചരിച്ചിരുന്നവരെയും വീട്ടില്‍ എഴുതിക്കൊണ്ടിരുന്ന നഴ്‌സറി വിദ്യാര്‍ഥിയെയുമടക്കം പതിനൊന്ന് പേരെ നായ കടിച്ചത്.  ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കളത്തി പ്പറമ്പില്‍ വിശ്വംഭരന്റെ കോഴികളെ ആക്രമിച്ചു കൊന്നു കൊണ്ടാണ് നായയുടെ പരാക്രമം ആരംഭിച്ചത്. വീടുകളില്‍ നിന്നും വേസ്റ്റ് എടുക്കാന്‍ വന്ന പൊടി സാബു എന്നയാളെ ഓടിച്ചിട്ടുകടിക്കുകയും പിന്നീട് വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. അവിടെനിന്നും കിഴക്കോട്ടു നീങ്ങി അയ്യങ്കാളി റോഡില്‍ കയറിയാണ് നഴ്‌സറി വിദ്യാര്‍ഥി നാലു വയസ്സുകാരിയായ സിത്താരയെ വീട്ടില്‍ കയറി ആക്രമിച്ചത്. ഭിന്നശേഷിക്കാരിയായ റെനിയുടെ മകളാണ് സിത്താര. പാടച്ചിറ മനോജ് ആണ് പിതാവ്. ഇവരുടെ മൂത്ത മകന്‍ ഏഴു വയസ്സുകാരനായ സിദ്ധാര്‍ഥന്‍ ഓടിയതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു. ചിക്കത്തറ കുമാരന്റെ ഭാര്യ കൗസല്യയുടെ മാറിടത്തിലാണ് ആക്രമിച്ചത്. പെയിന്റിങ് തൊഴിലാളിയായ കീനാംപുറം വീട്ടില്‍ ശശി (49) ഭഗവതിപ്പറമ്പില്‍ മഹേഷ്  (32), ബ്ലായിത്തറ അഖില്‍  (22), കളത്തിപ്പറമ്പില്‍ സംഗീത (35), ഇഞ്ചക്കല്‍ സുഭാഷ് (52), രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെയെല്ലാം പേ വിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുത്ത് പറഞ്ഞയക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മരട് പോലിസും, കൊച്ചി നഗരസഭയുടെ ആനിമല്‍ ഡിപ്പാര്‍ട്ട്‌മെന്റ്  ഉദ്യോഗസ്ഥരുമെത്തി കടിച്ച നായയുള്‍പ്പെടെ മറ്റു മൂന്നു നായകളേയും പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. മരട് പ്രദേശത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായ്ക്കളുടെ ശല്യം ഏറി വരികയാണ്. കൊച്ചി നഗരസഭയുടെ പ്രദേശമാണെങ്കിലും തൊട്ടു കിടക്കുന്നത് മരട് നഗരസഭയാണ്. രണ്ടു നഗരസഭയും മാലിന്യ നിര്‍മാര്‍ജനത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണ്. അനുദിനം കുമിഞ്ഞുകൂടുന്ന മാലിന്യമാണ് ഒരു പരിധി വരെ തെരുവുനായ്ക്കള്‍ വര്‍ധിക്കാന്‍ പ്രധാന കാരണവും.

RELATED STORIES

Share it
Top