വളപട്ടണം സ്റ്റേഷന് അഭിനന്ദനവുമായി ഉത്തരമേഖലാ ഡിജിപി

വളപട്ടണം: മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന രാജ്യത്തെ പോലിസ് സ്റ്റേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വളപട്ടണം സ്റ്റേഷന് അഭിനന്ദനവുമായി ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്‍. ജില്ലാ പോലിസ് മേധാവിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിക്ക് ഉപഹാരം നല്‍കിയ ശേഷം ഡിജിപിയും സംഘവും വളപട്ടണം സ്റ്റേഷന്‍ സന്ദര്‍ശിച്ചു. ഡിവൈസ്പി പി പി സദാനന്ദന്‍, സിഐ എ കൃഷ്ണന്‍, എസ്‌ഐ ശ്രീജിത്ത് കൊടേരി എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളും നടപ്പാക്കിയ കാര്യങ്ങളും എസ്‌ഐ വിശദീകരിച്ചു. കേസുകളുടെ എണ്ണം, അന്വേഷണം, കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് വളപട്ടണം പോലിസ് സ്റ്റേഷന്‍ ആദ്യ പത്തിലെത്തിയത്. പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു. വളപട്ടണം സ്റ്റേഷന്‍ പരിധിയില്‍ മാത്രമല്ല, ജില്ലയിലെ മൊത്തം കുറ്റകൃത്യനിരക്ക് കുറഞ്ഞുവരികയാണെന്നും വളപട്ടണം സ്റ്റേഷന്റെ നേട്ടം ജില്ലയുടെ കൂടി നേട്ടമാണെന്നും ഉത്തരമേഖല ഡിജിപി വ്യക്തമാക്കി.

RELATED STORIES

Share it
Top